കരസേനയിലെ മതാദ്ധ്യാപക നിയമനത്തില്‍ വന്‍ക്രമക്കേട്; സി.ബി.ഐ അന്വേഷണം

Published On: 26 April 2018 4:00 PM GMT
കരസേനയിലെ മതാദ്ധ്യാപക നിയമനത്തില്‍ വന്‍ക്രമക്കേട്; സി.ബി.ഐ അന്വേഷണം

ഹൈദരാബാദ്: സൈന്യത്തില്‍ മതാദ്ധ്യാപക നിയമനത്തില്‍ വന്‍ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയിന്മേല്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. സൈന്യം നടത്തിയ ആഭ്യന്തര അന്വേഷണത്തെ തുടര്‍ന്നാണ് കേസ് സി.ബി.ഐയെ ഏല്‍പ്പിച്ചത്.

സൈന്യക നേതൃത്വത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ആഭ്യന്തര അന്വേഷണം നടത്തിയത്. 2013 -ല്‍ മതാദ്ധ്യാപക ജോലി ലഭിക്കുന്നതിനായി 9 പേര്‍ 15.55 ലക്ഷം രൂപ നല്‍കിയതായി സൈന്യം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതെതുടര്‍ന്ന് ഹൈദരാബാദിലെ ജനറല്‍ ഓഫീസ് കമാന്റിംഗ് സി.ബി.ഐയ്ക്ക് പരാതി നല്‍കുകായായിരുന്നു. ഇതില്‍ മതാദ്ധ്യാപകരായി ജോലി ലഭിച്ച 9 പേരടക്കം 12 സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സി.ബി.ഐ കേസെടുത്തത്. സംഭവത്തില്‍ പുറത്തു നിന്നുള്ള അഞ്ച് പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സി.ബി.ഐ പറഞ്ഞു. കൈകൂലി തുക ബാങ്കിലൂടെ ഇടപാട് നടത്തിയതിനാല്‍ ക്രമക്കേട് എളുപ്പത്തില്‍ കണ്ടെത്താനായി.

മതാദ്ധ്യാപകരുടെ തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. അഭിമുഖ പാനലില്‍ അംഗമായിരുന്ന എം.എന്‍ ത്രിപാഠി ഉദ്യോഗാര്‍ത്ഥികളെ സമീപിച്ചതിന്റെ പേരില്‍ പാനലില്‍ നിന്നും പുറത്താക്കിയിരുന്നു. ഇയാള്‍ക്ക് പകരം പാനലിലെടുത്ത സത്യപ്രകാശിനെയും മറ്റൊരു അദ്ധ്യാപകനായ എം.കെ പാണ്ഡ്യയെയും സ്വാധീനിച്ച് തിരിമറി നടത്താനും ത്രിപാഠി ശ്രമം നടന്നിരുന്നു. ഇതിനായി സത്യപ്രകാശിന് 20 ഉദ്യോഗാര്‍ത്ഥികളുടെ പേര് നല്‍കുകയും ഇവരോട് എളുപ്പമുള്ള ചോദ്യങ്ങള്‍ ചോദിച്ച് കൂടുതല്‍ മാര്‍ക്ക് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന്് സി.ബി.ഐ തയ്യാറാക്കിയ എഫ്.ഐ.ആറില്‍ പറയുന്നു.

കൈകൂലി പണം കൈപ്പറ്റുന്നതിനായി ത്രിപാഠി ഉത്തര്‍പ്രദേശിലെ സമീപവാസികളായ അഞ്ച് പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നുവെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. സത്യപ്രകാശ് 14 ലക്ഷം കൈപറ്റിയതായും സി.ബി.ഐ പറയുന്നു. സൈനികര്‍ക്ക് ആത്മീയ ക്ലാസുകളെടുക്കാനും ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് സൈന്യത്തില്‍ മതാദ്ധ്യാപകരെ നിയമിക്കുന്നത്.

Top Stories
Share it
Top