ബാങ്കുകളുടെ കടുംവെട്ട്‌: നാലുവര്‍ഷത്തിനിടെ പിഴ ഈടാക്കിയത് 11,500 കോടി

ന്യൂഡല്‍ഹി: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ ബാങ്കുകൾ പിഴ ഇനത്തില്‍ ഈടാക്കിയത് 11,500 കോടി...

ബാങ്കുകളുടെ കടുംവെട്ട്‌: നാലുവര്‍ഷത്തിനിടെ പിഴ ഈടാക്കിയത് 11,500 കോടി

ന്യൂഡല്‍ഹി: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ ബാങ്കുകൾ പിഴ ഇനത്തില്‍ ഈടാക്കിയത് 11,500 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ എന്നിവയുൾപ്പെടെയുള്ള കണക്കാണിത്. വെള്ളിയാഴ്ച ലോക്‌സഭയില്‍ കേന്ദ്ര ധനമന്ത്രാലയം നല്‍കിയ വിവരമാണിത്.

പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2,400 കോടി രൂപ 2017-18 സാമ്പത്തിക വര്‍ഷം പിഴ ഇനത്തില്‍ ഈടാക്കിയിട്ടുണ്ട്. സ്വകാര്യ ബാങ്കുകളില്‍ എച്ച്ഡിഎഫ്‌സി ബാങ്കാണ് ഏറ്റവും കൂടുതല്‍ തുക ഈടാക്കിയത്- 590 കോടി രൂപയാണിത്. ഇക്കാലയളവില്‍ മൂന്നു സ്വകാര്യ ബാങ്കുകള്‍ ഈടാക്കിയ പിഴ തുക 21 പൊതുമേഖലാ ബാങ്കുകള്‍ ആകെ ഈടാക്കിയ തുകയുടെ നാല്‍പതു ശതമാനം വരുമെന്ന് 'ഹിന്ദു ബിസിനസ് ലൈന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്കൗണ്ടില്‍ നിശ്ചിത തുക ഇല്ലാതെവന്നാല്‍ എസ്ബിഐ ഈടാക്കുന്നത് അഞ്ച് രൂപ മുതല്‍ 15 രൂപവരെയാണ്. മെട്രോ നഗരങ്ങളില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ പ്രതിമാസം ശരാശരി 3,000 രൂപ ഉണ്ടായില്ലെങ്കില്‍ പിഴ ഈടാക്കും. നഗരപ്രദേശങ്ങളില്‍ ഇത് 2,000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ ഇത് 1,000 രൂപയുമാണ്. എച്ച്ഡിഎഫ്‌സി ബാങ്ക് ഈടാക്കുന്നത് മൂന്നുമാസ കാലയളവില്‍ 150 രൂപ മുതല്‍ 600 രൂപവരെയാണ്. അക്കൗണ്ടില്‍ ഉണ്ടായിരിക്കേണ്ട ശരാശരി തുക 2,500 രൂപ മുതല്‍ 10,000 രൂപ വരെയാണ്.

ബാങ്കുകൾ നല്‍കുന്ന സേവനത്തിന് ചാര്‍ജ് നിശ്ചയിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നൽകി റിസര്‍വ് ബാങ്ക് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബാങ്കുകളുടെ നയങ്ങൾക്കും സേവനങ്ങളുടെ നിരക്കിനും ആനുപാതികമായിട്ടായിരിക്കം ഇതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് അക്കൗണ്ടില്‍ നിശ്ചിത ബാലന്‍സ് ഇല്ലാതെവരുന്നതിന്റെ പേരില്‍ പിഴ ഈടാക്കുന്നത്. ഇടപാടുകാരുടെ അക്കൗണ്ടുകള്‍ കൈകാര്യംചെയ്യുന്നതിനുള്ള ചിലവെന്ന നിലയ്ക്കാണ് ഇത്തരത്തില്‍ ചാര്‍ജ് ഈടാക്കുന്നത്.

ഇത്തരത്തില്‍ പിഴയീടാക്കുന്ന വ്യവസ്ഥയില്‍നിന്ന് ഏതു തരം അക്കൗണ്ടുകളെയും ഒഴിവാക്കാനും ബാങ്കുകള്‍ക്ക് സാധിക്കും. എസ്ബിഐ ജന്‍ ധന്‍ അക്കൗണ്ട്, ശമ്പള അക്കൗണ്ട് തുടങ്ങി തുടങ്ങിയ 10 വിഭാഗത്തില്‍പ്പെട്ട അക്കൗണ്ടുകളെ എസ്ബിഐ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

Story by
Read More >>