കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന് വ്യാജ വാട്ട്‌സ്ആപ്പ് സന്ദേശം; ട്രാന്‍സ്‌ജെൻ്ററിനെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞ് കൊന്നു

Published On: 27 May 2018 10:30 AM GMT
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന് വ്യാജ വാട്ട്‌സ്ആപ്പ് സന്ദേശം; ട്രാന്‍സ്‌ജെൻ്ററിനെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞ് കൊന്നു

ഹൈദരബാദ്: കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരാണെന്ന വ്യാജ വാട്ട്‌സ്ആപ്പ് സന്ദേശത്തെത്തുടര്‍ന്ന് ട്രാന്‍സ്‌ജെന്ററെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞു കൊന്നു. ഹൈദരബാദിലെ ചന്ദ്രയെങ്കൂട്ട എന്ന സ്ഥലത്താണ് സംഭവം. 200 വരുന്ന ആള്‍ക്കുട്ടമാണ് കൊലപാതകത്തിന് പിന്നില്‍.

മെഹബൂബ് നഗര്‍ ജില്ലയിലെ ചന്ദ്രിയയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സംഭവദിവസം നഗരത്തിലെത്തിയ ചന്ദ്രിയയും സുഹൃത്തുക്കളും ഡി.ആര്‍.ഡി.എല്ലിലേക്ക് പോകവേയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നവര്‍ എന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ചന്ദ്രിയുടെ സുഹൃത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ 25 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ആന്ധ്രയിലും തെലങ്കാനയിലും ഇത്തരത്തിലുള്ള വീഡിയോ പ്രചരിക്കുന്നുണ്ട്. കുട്ടികളെ തട്ടിക്കൊണ്ട് പോയി അവരുടെ അവയവങ്ങള്‍ വെട്ടിക്കളയുകയും കൊല്ലുകയും ചെയ്യുന്നു എന്ന തരത്തിലാണ് വീഡിയോ. വാട്സ്അപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് പ്രചാരണം. ഇരു സംസ്ഥാനങ്ങളിലുമായി അഞ്ചോളം ആള്‍ക്കൂട്ട ആക്രമണങ്ങളാണ് ഇതേ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

വ്യാജ വീഡിയോകളും വാര്‍ത്തകളും സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നവരും അറസ്റ്റ് ചെയ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു. ഒരു വാട്സ്അപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ കസ്റ്റഡിയിലുണ്ടെന്നും പൊലീസ് പറഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്നും പ്രചരിപ്പിക്കരുതെന്നും ഹൈദരബാദ് പൊലീസ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.


Top Stories
Share it
Top