മോദിക്കും അമിത് ഷായ്ക്കും എപ്പോഴും വിജയം കൊണ്ടുവരാനാകില്ല; ബിജെപി പ്രവര്‍ത്തകര്‍ കഠിനമായി പ്രവര്‍ത്തിക്കണം: ആര്‍എസ്എസ്

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപി ആംആദ്മിയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ആർഎസ്എസ് മുഖപ്പത്രമായ ഓര്‍ഗനൈസറിന്റെ എഡിറ്റോറിയലിലൂടെ ബിജെപിക്ക് സംഘടന ഉപദേശം നൽകുന്നത്.

മോദിക്കും അമിത് ഷായ്ക്കും എപ്പോഴും വിജയം കൊണ്ടുവരാനാകില്ല; ബിജെപി പ്രവര്‍ത്തകര്‍ കഠിനമായി പ്രവര്‍ത്തിക്കണം: ആര്‍എസ്എസ്

ഡല്‍ഹി ബിജെപിയില്‍ അഴിച്ചു പണിവേണമെന്നും സംസ്ഥനാ തെരഞ്ഞെടുപ്പുകളില്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എപ്പോഴും വിജയം കൊണ്ടുവരാനകില്ലെന്നും ആര്‍എസ്എസ്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപി ആംആദ്മിയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ആർഎസ്എസ് മുഖപ്പത്രമായ ഓര്‍ഗനൈസറിന്റെ എഡിറ്റോറിയലിലൂടെ ബിജെപിക്ക് സംഘടന ഉപദേശം നൽകുന്നത്.

സംസ്ഥാനത്ത് ബിജെപി നടപ്പിലാക്കിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പാളിപ്പോയെന്നും ഓര്‍ഗനൈസര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പത്രത്തിന്റെ എഡിറ്റര്‍ പ്രഫുല്ല കേദ്കറാണ് പ്രസ്തുത മുഖപ്രസംഗം എഴുതിയിരിക്കുന്നത്. ആംആദ്മിയുടെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങളെ മറികടക്കാൻ ബിജെപിക്കായില്ലെന്നും ഭരണ വിരുദ്ധ വികാരം പ്രതിഫലിപ്പിക്കാനായില്ലെന്നും ഓർ​ഗനെെസർ കുറ്റപ്പെടുത്തുന്നു.

പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ വെെകിയതും തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചവെന്നും ഓർ​ഗനെെസർ ചൂണ്ടിക്കാട്ടുന്നു. 40 ലക്ഷത്തോളം പേർക്ക് പ്രയോജനം ലഭിക്കുന്ന 1,700 അനധികൃത കോളനികൾ നിയമവിധേയമാക്കി ബിജെപി പ്രതികരിക്കാൻ ശ്രമിച്ചുവെങ്കിലും, 2015 ന് ശേഷം സംഘടനയെ അടിത്തട്ടിൽ നിന്നും പുനരുജ്ജീവിപ്പിക്കുന്നതിൽ ബിജെപി നേതൃത്വം പരാജയപ്പെട്ടുവെന്നും വിമർശനമുണ്ട്.

പരമ്പരാഗതമായി സംസ്ഥാനത്ത് സംഘടനയ്ക്ക് ഉറച്ച വോട്ടുകളുണ്ട്. അതു ഇപ്പോഴും പോൾ ചെയ്യുന്നുമുണ്ട്. എന്നാൽ ചേരികളിൽ താമസിക്കുന്ന കുടിയേറ്റ ജനസംഖ്യയുടെ വർദ്ധനവിൻെറ ആനുകൂല്യങ്ങൾ മറ്റുപാർട്ടികൾക്ക് പ്രധാന വോട്ടുകളായി മാറി. കോൺ​ഗ്രസിന് ലഭിച്ചിരുന്ന ഇത്തരം വോട്ടുകളാണ് ആംആദ്മിക്ക് ലഭിച്ചതെന്നും എഡിറ്റോറിയലിൽ പറയുന്നു. ഷെഹീന്‍ ബാഗിലടക്കം നടക്കുന്ന പൗരത്വ പ്രതിഷേധങ്ങളുടെ ഗുണം ലഭിച്ചത് എഎപിക്കാണെന്നും എഡിറ്റോറിയൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഫെബ്രുവരി എട്ടിന് 70 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 62 സീറ്റുകള്‍ നേടിയാണ് ആംആദ്മി അധികാര തുടര്‍ച്ച നേടിയത്. അട്ടിമറി ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച ബിജെപിക്ക് എട്ടു സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു. കഴിഞ്ഞ 16നാണ് അരവിന്ദ് കെജ്രിവാൾ ഡല്‍ഹി മുഖ്യമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തത്.

Next Story
Read More >>