കശ്മീർ വിഷയത്തിൽ ഇടപെടാൻ മോദി ആവശ്യപ്പെട്ടെന്ന് ട്രംപ്; ഇല്ലെന്ന് ഇന്ത്യ

രണ്ടാം മോദി സർക്കാർ അധികാരത്തിൽ അൻപത് നാളുകൾ പൂർത്തിയാക്കിയ ദിവസം തന്നെ കശ്മീർ വിഷയത്തിലെ ട്രംപിന്റെ വെളിപ്പെടുത്തൽ കേന്ദ്രസർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്.

കശ്മീർ വിഷയത്തിൽ ഇടപെടാൻ മോദി ആവശ്യപ്പെട്ടെന്ന് ട്രംപ്; ഇല്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ ഇടപെടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി വൈറ്റ് ഹൗസിൽ വച്ച് നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീർ വിഷയത്തിൽ മോദി സഹായം അഭ്യർഥിച്ചതായും അദ്ദേഹം പറഞ്ഞു.

എന്നാൽ ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളി. ട്രംപ് മദ്ധ്യസ്ഥത വഹിക്കണമെന്ന് മോദി ആവിശ്യപ്പെട്ടിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് പ്രതികരിച്ചു. കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

രണ്ടാം മോദി സർക്കാർ അധികാരത്തിൽ അൻപത് നാളുകൾ പൂർത്തിയാക്കിയ ദിവസം തന്നെ കശ്മീർ വിഷയത്തിലെ ട്രംപിന്റെ വെളിപ്പെടുത്തൽ കേന്ദ്രസർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. സെപ്റ്റംബറിൽ മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി ഡൊണൾഡ് ട്രംപും പാക്ക് പ്രധാനമന്ത്രി ഇമ്രാൻഖാനും തമ്മിലുള്ള കൂടിക്കാഴ്ചയെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു ഇന്ത്യ. അതിനിടെയാണ് മദ്ധ്യസ്ഥനാകാൻ മോദി അഭ്യർത്ഥിച്ചെന്ന ട്രംപിന്റെ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുണ്ടായത്.

കശ്മീർ വിഷയം ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര വിഷയമാണെന്നും ഇക്കാര്യത്തിൽ മൂന്നാംകക്ഷി മധ്യസ്ഥതയുടെ ആവശ്യമില്ലെന്നുമാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. ഇതിനുവിരുദ്ധമായി മോദിയെ വെട്ടിലാക്കിയുള്ള ട്രംപിന്റെ വെളിപ്പെടുത്തൽ കോൺഗ്രസ് ആയുധമാക്കി. വിഷയത്തിൽ മോദി വിദേശസഹായം തേടിയത് രാജ്യ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല കുറ്റപ്പെടുത്തി. ട്രംപിനെ മോദി തള്ളുമോയെന്ന് സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയും നയം മാറിയോയെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ലയും ചോദിച്ചു. പ്രധാനമന്ത്രി തന്നെ വിശദീകരണം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയം പാർലമെന്റിലും ഇന്ന് ചൂടുപിടിക്കും.

Read More >>