അഞ്ച് ദിവസത്തെ സ്വീഡന്‍, ബ്രിട്ടന്‍, ജര്‍മനി സന്ദര്‍ശനത്തിനായി മോദി യാത്ര തിരിച്ചു

Published On: 2018-04-16 14:00:00.0
അഞ്ച് ദിവസത്തെ സ്വീഡന്‍, ബ്രിട്ടന്‍, ജര്‍മനി സന്ദര്‍ശനത്തിനായി മോദി യാത്ര തിരിച്ചു

ന്യൂഡല്‍ഹി : ബ്രിട്ടണില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യ തലവന്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു.അഞ്ചു ദിവസത്തെ സന്ദര്‍ശനത്തില്‍ ബ്രിട്ടന്‍ കൂടാതെ സ്വീഡന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളും മോദി സന്ദര്‍ശിക്കും. വ്യാപാരം, നിക്ഷേപം, ക്ലീന്‍ എനര്‍ജി തുടങ്ങിയ മേഖലകളില്‍ ഈ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുമെന്ന് യാത്രക്ക് മുന്നോടിയായി മോദി പറഞ്ഞു.

സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്‍ മോദിയും സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വനുമായി ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളിലെ പ്രധാന ബിസിനസ് തലവന്മാരുമായി മോദിയും സ്റ്റെഫാനും സംവദിക്കും. ഇന്ത്യാ- നോര്‍ഡിക് സമ്മിറ്റിലും മോദി പങ്കെടുക്കും. ഫിന്‍ലാന്റ്, നോര്‍വെ, ഡെന്‍മാര്‍ക്ക്, ഐസ്‌ലാന്റ് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ഇന്ത്യാ- നോര്‍ഡിക് സമ്മിറ്റില്‍ പങ്കെടുക്കും.

അതിനു ശേഷം ബ്രിട്ടണിലേക്കു തിരിക്കുന്ന മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്യുമായി നയതന്ത്ര ചര്‍ച്ച നടത്തും. ഏപ്രില്‍ 19നും 20നുമാണ് കോമണ്‍വെല്‍ത്ത് രാജ്യ തലവന്‍മാരുടെ യോഗം. മടക്കയാത്രയില്‍ ജര്‍മന്‍ പ്രധാനമന്ത്രി ആഞ്ചല മേര്‍ക്കറെ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Top Stories
Share it
Top