അക്ഷയ് കുമാറിന് മുമ്പില്‍ മനസ്സു തുറന്ന് മോദി 'എല്ലാ വര്‍ഷവും മമത കുര്‍ത്ത കൊടുത്തയക്കാറുണ്ട്'

ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും തനിക്ക് എല്ലാ വര്‍ഷവും മധുരപലഹാരങ്ങള്‍ കൊടുത്തുവിടാറുണ്ടെന്നും മോദി വെളിപ്പെടുത്തി

അക്ഷയ് കുമാറിന് മുമ്പില്‍ മനസ്സു തുറന്ന് മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മിലുള്ള വാക്പോര് രാഷ്ട്രീയവൃത്തങ്ങളില്‍ പരിചിതമാണ്. കൊണ്ടും കൊടുത്തും ഇരുവരും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പല തവണ കൊമ്പുകോര്‍ത്തിരുന്നു. എന്നാല്‍ മോദിയുമായി ആരും അറിയാത്ത സൗഹൃദ ബന്ധം കൂടി സൂക്ഷിക്കുന്നുണ്ട് ദീദി എന്ന് വിളിക്കപ്പെടുന്ന മമത. ഇതേക്കുറിച്ച് നടന്‍ അക്ഷയ്കുമാറിന് നല്‍കിയ അഭിമുഖത്തിലാണ് മോദി മനസ്സു തുറന്നത്.

' ഇത് പറയുമ്പോള്‍ ജനങ്ങള്‍ക്ക് അത്ഭുതം തോന്നും. തെരഞ്ഞെടുപ്പ് കാലത്ത് ഞാനിതു പറയാനും പാടില്ല. എങ്കിലും മമത ദീദി എല്ലാ വര്‍ഷവും എനിക്കൊരു സമ്മാനം തരാറുണ്ട്. ഒന്നോ രണ്ടോ കുര്‍ത്തയായിരിക്കും സമ്മാനം' - അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും തനിക്ക് എല്ലാ വര്‍ഷവും മധുരപലഹാരങ്ങള്‍ കൊടുത്തുവിടാറുണ്ടെന്നും മോദി വെളിപ്പെടുത്തി.

പ്രതിപക്ഷത്ത് നല്ല സുഹൃത്തുക്കളുണ്ടോ എന്ന അക്ഷയിന്റെ ചോദ്യത്തിന് ' തീര്‍ച്ചയായും. നല്ല സുഹൃത്തുക്കളുണ്ട്. ഞങ്ങള്‍ ഒന്നിച്ച് ഭക്ഷണം കഴിക്കാറുണ്ട്' എന്നായിരുന്നു മറുപടി. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമായുള്ള സൗഹൃദവും അദ്ദേഹം ഓര്‍ത്തെടുത്തു. 'ഞങ്ങള്‍ പലവുര ഒന്നിച്ചു ചായ കുടിച്ചിട്ടുണ്ട്. എന്നെപ്പോലെ ഒരു ആര്‍.എസ്.എസുകാരന് ആസാദിനെപ്പോലുള്ള സുഹൃത്ത് ഉണ്ടായത് എങ്ങനെ എന്നതില്‍ പലരും ആശ്ചര്യപ്പെടാറുണ്ട്' - അദ്ദേഹം പറഞ്ഞു.

ഇന്റര്‍വ്യൂവില്‍ മോദി പറഞ്ഞ മറ്റു കാര്യങ്ങള്‍

ഞാന്‍ ചായ വിറ്റിരുന്നു. അവിടെ നിന്നാണ് ജനങ്ങളുടെ വിവിധ സ്വഭാവങ്ങളെ കുറിച്ച് പഠിക്കുന്നത്. എന്റെ ഗ്രാമത്തിലൂടെയാണ് തീവണ്ടിയിലേക്കുള്ള ചരക്കുകള്‍ പോയിരുന്നത്. തീവണ്ടികളില്‍ ആടുമാടുകളെ കൊണ്ടു പോകുന്ന ആള്‍ക്കാരുണ്ടായിരുന്നു. സ്റ്റേഷനില്‍ ചിലപ്പോള്‍ അവര്‍ മൂന്നോ നാലോ ദിവസം ചെലവിടും. അവര്‍ക്ക് ചായ കൊടുത്തിരുന്നത് ഞാനാണ്. അവര്‍ പാടുന്ന പാട്ടു കേള്‍ക്കും. അങ്ങനെയാണ് നന്നായി ഹിന്ദി സംസാരിക്കാന്‍ പഠിച്ചത്'

എല്ലാ ദിവസവും രാവിലെ അഞ്ചു മണിക്കും വൈകിട്ടും ഒരു നേരം ചായ കുടിക്കുന്നത് നിര്‍ബന്ധമായിരുന്നു. പുറത്താണ് ഇരുന്നിരുന്നത്. അടച്ചിട്ട മുറി ഇഷ്ടമായിരുന്നില്ല. ദീപാവലി ഒരിക്കല്‍ പോലും ആഘോഷിച്ചിട്ടില്ല. മൂന്നോ നാലോ ദിവസം പുറംലോകവുമായി ബന്ധമില്ലാതെ ചെലവഴിച്ചിരുന്നു. അതാണ് എനിക്ക് കരുത്തു പകര്‍ന്നത്. വിരമിച്ചാല്‍ അതെല്ലാം വീണ്ടും ചെയ്യും

സിനിമ കാണാന്‍ സമയം കിട്ടാറില്ല. അമിതാഭ് ബച്ചനും അനുപം ഖേറിനും കൂടെ ഇരുന്നാണ് പാ കണ്ടത്. ഒരിക്കല്‍ അമേരിക്കയില്‍ പോയപ്പോള്‍ സുഷമ സ്വരാജിനെ കണ്ടു. പ്രസംഗത്തെ കുറിച്ച് അവര്‍ ചോദിച്ചു. എഴുതിയ പ്രസംഗമില്ല എന്ന് ഞാന്‍ അവരോട് പറഞ്ഞു. അവരുടെ നിര്‍ദ്ദേശ പ്രകാരം എഴുതിത്തന്ന പ്രസംഗമാണ് അവിടെ നടത്തിയത്. എഴുതിക്കൊണ്ടു വന്ന പ്രസംഗം വായിക്കുന്നത് ഇഷ്ടമല്ല.

വീട്ടുകാരുടെ മുഴുവന്‍ വസ്ത്രമലക്കിയിട്ടുണ്ട്. പണ്ട്കുളത്തില്‍ പോയി നീന്തിക്കുളിക്കുമായായിരുന്നു. അങ്ങനെയാണ് ശരീരത്തിന് വഴക്കമുണ്ടായത്. അമ്മ ഇപ്പോഴും എനിക്ക് പണമയക്കാറുണ്ട്. അവര്‍ എന്നില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. അവര്‍ക്ക് ആവശ്യവുമില്ല. അതിനര്‍ത്ഥം എനിക്ക് അമ്മയോട് സ്നേഹമില്ലെന്നല്ല. ഞാന്‍ എന്റെ രാജ്യത്തെ കുടുംബമായി കാണുന്നു. അതിന്റെ ക്ഷേമത്തിനായി ജോലി ചെയ്യുന്നു. എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ഒബാമ ഒരിക്കല്‍ ചോദിച്ചു. 'നിങ്ങള്‍ എന്താണ് ഇങ്ങനെ കുറച്ച് ഉറങ്ങുന്നത്. ജോലിയോടുള്ള ആസക്തിയായിരിക്കാം. എങ്കിലും ഉറക്കം കൂട്ടണം'. ഇങ്ങനെയാണ് എന്റെ ശരീരം ശീലിച്ചത്. മൂന്ന് മൂന്നര മണിക്കൂറേ ഞാന്‍ ഉറങ്ങാറുള്ളൂ. അത് തന്നെ നല്ല ഉറക്കമാണ്.

ഞാനൊരു കര്‍ക്കശക്കാരനായ ഭരണാധികാരിയാണ് എന്ന പ്രതിച്ഛായ തെറ്റാണ്. ജോലി ചെയ്യാന്‍ വേണ്ടി ഞാന്‍ ആരെയും സമ്മര്‍ദ്ദം ചെലുത്താറില്ല. നേരത്തെ ആറു മണിക്ക് മുന്‍ പ്രധാനമന്ത്രിമാര്‍ ഓഫീസില്‍ നിന്ന് പോയിരുന്നു. എന്നാല്‍ ഞാന്‍ അതിരാവിലെ തന്നെ വരുന്നു. രാത്രി എട്ടിന് ശേഷമാണ് വീട്ടിലേക്ക് പോകുന്നത്. ഞാന്‍ വികസിപ്പിച്ച തൊഴില്‍ സംസ്‌കാരം അതാണ്. ജോലി ചെയ്യുമ്പോള്‍ അതു മാത്രമേ ശ്രദ്ധിക്കാറുള്ളൂ.