രാഹുലിന് പ്രധാനമന്ത്രി കസേരയിലിരിക്കാന്‍ ധൃതിയെന്ന് നരേന്ദ്രമോദി

Published On: 2018-07-20 15:45:00.0
രാഹുലിന് പ്രധാനമന്ത്രി കസേരയിലിരിക്കാന്‍ ധൃതിയെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തന്മേലുള്ള ചര്‍ച്ചകള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയുന്നു. നേട്ടങ്ങള്‍ നിരത്തി മോദിയുടെ പ്രസംഗം. പാവപ്പെട്ടവര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി കൊണ്ടുവന്നത് ഈ സര്‍ക്കാരാണ്. പാവപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൗണ്ട് ആരംഭിച്ചു. ഉജ്വല യോജന പദ്ധതി വനിതകള്‍ക്ക് സഹായമായി. റെക്കോര്‍ഡ് വേഗത്തില്‍ രാജ്യമെമ്പാടും കക്കൂസുകള്‍ നിര്‍മ്മിച്ചു, മോദി പ്രസംഗത്തില്‍ പറഞ്ഞു.

അവിശ്വാസ പ്രമേയം തള്ളമെന്ന് പ്രധാനമന്ത്രി. വികസനത്തിനെതിരായ ശബ്ദമാണ് അവിശ്വാസമെന്നും വികസനവിരുദ്ധരെ മനസിലായെന്നും മോദി സഭയില്‍ പറഞ്ഞു. 125 കോടി ജനങ്ങളുടെ പിന്തുണയോടെയാണ് ഭരിക്കുന്നത്. പ്രധാനമന്ത്രിയുടെ സീറ്റിലിരിക്കാന്‍ രാഹുലിന് ധൃതി കൊണ്ടാണ് സീറ്റിനടുത്തേക്ക് ഓടി വന്നതെന്നും മോദി പരിഹസിച്ചു. 2019 ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ താനാണ് പ്രധാനമന്ത്രിയെന്ന് ചിലര്‍ കരുതുന്നുണ്ടെന്നും മോദി പരിഹസിച്ചു.

തങ്ങളുടെ ആവശ്യത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കുന്നില്ലെന്നും കോണ്‍ഗ്രസിനെ പറ്റി മാത്രമാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്നും ആരോപിച്ച് തെലുങ്ക് ദേശം പാര്‍ട്ടി എം.പിമാര്‍ സഭയുടെ നടുക്കളത്തിലിറങ്ങി.

കഴിഞ്ഞ നാല് വര്‍ഷങ്ങളായി മോദി രാജ്യത്തെ ദളിതരെയും യുവാക്കളെയും സ്ത്രീകളെയും വഞ്ചിക്കുകയാണെന്നും റാഫേല്‍ വിമാന ഇടപാടില്‍ സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും രാഹുല്‍ പറഞ്ഞു. മോദി ഭരണത്തിന് കീഴില്‍ ആകെ ഗുണമുണ്ടായത് കോട്ടിട്ട വ്യവസായികള്‍ക്കും അമിത്ഷായുടെ മകനും മാത്രമാണ്. പാവപ്പെട്ട കര്‍ഷകരെ പറ്റിക്കുകയും അവരെ ദുരിതത്തിലേക്ക് തള്ളിവിടുകയുമാണ് ചെയ്ത് തുടങ്ങിയ കടുത്ത വിമര്‍ശനങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്.

തെറ്റായ ആരോപണങ്ങളിലൂടെ സഭയെ തെറ്റിധരിപ്പിച്ചെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ആനന്ദ്കുമാര്‍ പറഞ്ഞു. ലോക്‌സഭായിൽ കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുല്‍ഗാന്ധി നടത്തിയത് ചിപ്‌കോ സമരമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ബി.ജെ.പി ഭരണത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പോലും നിരാശരാണെന്ന് മുലായം സിംഗ് യാദവ് പറഞ്ഞു.

പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ച രാഹുല്‍ഗാന്ധിയുടെ പ്രവൃത്തി ശരിയായില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പദവിയെ മാനിക്കണം. നാടകം സഭയില്‍ വേണ്ടെന്നും സുമിത്ര മഹാജന്‍ നിര്‍ദേശിച്ചു.

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെലുങ്ക് ദേശം പാര്‍ട്ടി എം.പി ജയദേവ് ഗല്ലയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.

Top Stories
Share it
Top