ആള്‍ക്കൂട്ടക്കൊല; ഒരു വര്‍ഷം 27 മരണം

ന്യൂഡല്‍ഹി: പരിചയമില്ലാത്ത റോഡില്‍ രാത്രി സമയത്ത് വഴിചോദിക്കുന്ന അപരിചിതനാവുകയോ കുട്ടികള്‍ക്ക് മിഠായി സമ്മാനിക്കുയോ ചെയ്താല്‍ മതി നിങ്ങള്‍...

ആള്‍ക്കൂട്ടക്കൊല; ഒരു വര്‍ഷം 27 മരണം

ന്യൂഡല്‍ഹി: പരിചയമില്ലാത്ത റോഡില്‍ രാത്രി സമയത്ത് വഴിചോദിക്കുന്ന അപരിചിതനാവുകയോ കുട്ടികള്‍ക്ക് മിഠായി സമ്മാനിക്കുയോ ചെയ്താല്‍ മതി നിങ്ങള്‍ കൊല്ലപ്പെടാന്‍. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്ന വ്യാജ വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പിലുടെ പ്രചരിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ഒമ്പത് സംസ്ഥാനങ്ങളിലായി കൊല്ലപ്പെട്ടത് 27 പേരാണ്. ഇതില്‍ 15 പേരും കൊല്ലപ്പെടാനുള്ള കാരണം കുട്ടികളെ തട്ടുന്നുവെന്ന വ്യാജ വാര്‍ത്തയാണ്.

പോലീസ് സ്‌റ്റേഷനുകള്‍ക്കോ ഔട്ട് പോസ്റ്റുകള്‍ക്കോ അടുത്തു നിന്ന് രണ്ടു മുതല്‍ 20 കിലോ മീറ്ററിനുള്ളിലായിരുന്നു ആള്‍ക്കൂട്ട കൊലപാതകങ്ങളെല്ലാം നടന്നത്. എന്നാല്‍ അക്രമവിവരം അറിഞ്ഞിട്ടും പോലീസ് സമയത്തിനു സ്ഥലത്തെത്തുന്നില്ല. സമയത്ത് എത്തിയ സ്ഥലങ്ങളില്‍ പോലീസിനു നിയന്ത്രിക്കാനാകാത്ത വിധം ജനക്കൂട്ടവും ഉണ്ടായിരുന്നു.

വ്യാജ പ്രചരണവും ആക്രമകാരികളായ ആള്‍കൂട്ടവും പോലീസിനെക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. കൊലപാതകങ്ങള്‍ നടന്ന പ്രദേശത്ത് കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഒരു തട്ടികൊണ്ടു പോകല്‍ പോലും റിപ്പോര്‍ട്ട് ചെയ്യുകയോ സംശയിക്കപ്പെടുകയോ ചെയ്തിട്ടില്ല. ലഭിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ അറിയാന്‍ ആളുകള്‍ ശ്രമിക്കാത്തതും അക്രമങ്ങള്‍ വര്‍ധിക്കാന്‍ ഇടയാകുന്നു. കൊല്ലപ്പെട്ടവരാണെങ്കില്‍ അതു വഴി സഞ്ചരിച്ചു എന്ന കുറ്റം മാത്രമാണ് ചെയ്തത്.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന വ്യാജ സന്ദേശം വാട്ടസ്ആപ്പിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ജൂലൈ ഒന്നിനു ആള്‍ക്കൂട്ടം അഞ്ചുപേരെ തല്ലിക്കൊന്നിരുന്നു. ഇതേതുടര്‍ന്ന് നിരുത്തരവാദപരവും പ്രകോപനപരവുമായ സന്ദേശങ്ങള്‍ തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഐ.ടി മന്ത്രാലയം വാട്ട്‌സ്ആപ്പിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. വാട്ട്‌സ് ആപ്പ് ഫോര്‍വേര്‍ഡ് സന്ദേശങ്ങള്‍ മാര്‍ക്ക് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ ലോക്കല്‍ പോലീസ് ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ ശ്രമിച്ചാല്‍ മാത്രമെ കാര്യമുള്ളു. ജനങ്ങള്‍ എത്രപെട്ടന്ന് സംഘടിക്കുമെന്നും അവരുടെ കയ്യില്‍ എത്ര ആയുധങ്ങള്‍ ഉണ്ടാകുമെന്നും പോലിസ് കണ്ടെത്തേണ്ടതുണ്ട്. ആള്‍ക്കൂട്ടത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ പോലീസുകാരെ തയ്യാറാക്കി നിര്‍ത്തുകയും വേണം. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇതു ഫലവത്തായെന്നു വരില്ല. ജാര്‍ഖണ്ഡില്‍ പോലീസ് ജീപ്പില്‍ നിന്നും വലിച്ചിഴച്ചു പുറത്തിട്ടാണ് തല്ലികൊന്നത്. ത്രിപുരയില്‍ പോലീസ് ക്യാമ്പില്‍ അഭയം തേടിയ ആളെ പോലും ആള്‍ക്കൂട്ടം കൊലപ്പെടുത്തി.

മഹാരാഷ്ട്രയിലെ റെയിന്‍പാഡയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും പോലീസ് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ആള്‍ക്കൂട്ടം ഭീഷണി മുഴക്കിയതായി എഫ്‌ഐആറില്‍ പറയുന്നു.

''ശവം കത്തിക്കൂ.. അവര്‍ മരിച്ചെന്നു ഉറപ്പു വരുത്തട്ടെ. ശവം പോലീസ് ജീപ്പില്‍ കയറ്റിയാല്‍ ജീപ്പടക്കം കത്തിക്കും'' ആള്‍ക്കൂട്ടം പറഞ്ഞതായി എഎസ്‌ഐ രവിന്ദ്ര രന്ദീര്‍ എഫ്‌ഐആറില്‍ പറയുന്നു.

ഇത്തം കൊലപാതകങ്ങളുടെ പ്രധാന കാരണം വ്യാജ സന്ദേശങ്ങളാണ്. എന്നാല്‍ വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ബോധവത്ക്കരണം നടത്താന്‍ അധികൃതര്‍ നിയമിച്ച ഉദ്യോഗസ്ഥന്‍ വരെ കൊല്ലപ്പെട്ടത് ഇതിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. ഈ ഒമ്പത് സംസ്ഥാനങ്ങളിലേയും പോലീസ് ബോധവത്കരണം ആരംഭിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രതിനിധികളെ നിയോഗിച്ചതായും പോലീസ് അറിയിച്ചു.

നിയമമില്ല

മോഷണം മുതല്‍ കൊലപാതകം വരെ ആരോപിച്ച് ആളുകളെ തല്ലിക്കൊല്ലുന്ന കിരാത നിയമം (ലിഞ്ചിംഗ്) അമേരിക്കന്‍ വിപ്ലവം മുതലാണ് ആരംഭിച്ചതെന്ന് എഴുത്തുകാരനായ റോബര്‍ട്ട് എല്‍ സങ്കറാഡോ പറയുന്നു. പ്രോസിക്യൂട്ടര്‍, ജൂറി, ജസ്റ്റിസ്, ആരാച്ചാര്‍ ആയി ജനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തെറ്റു ചെയ്‌തോ ഇല്ലയോ എന്നതിന് പ്രസക്തി നഷ്ടപ്പെടുന്നു. നിരപരാധിത്വം തെളിയിക്കാനുള്ള അവസരവും നഷ്ടപ്പെടുന്നു.

ആള്‍കൂട്ട മരണങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പശു സംരംക്ഷണത്തിന്റെ പേരിലുള്ള കൂട്ടക്കൊലകള്‍ തടയാനുള്ള നടപടികള്‍ എടുക്കണമെന്ന് 2017 സെപ്റ്റംബറില്‍ സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിവിധ കാരണങ്ങള്‍ കൊണ്ടുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളുണ്ടെങ്കിലും ഗോസംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങളുടെ എണ്ണമാണ് താരതമ്യേന കൂടുതല്‍. സുപ്രീംകോടതി നിര്‍ദ്ദേശമുണ്ടെങ്കിലും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കുറയ്ക്കാന്‍ സംസ്ഥനങ്ങള്‍ക്കായിട്ടില്ല.

ആള്‍കൂട്ട കൊലപാതകങ്ങളെ ശിക്ഷിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുന്ന നിയമം ഇന്ത്യയിലില്ല. ജനക്കൂട്ടം നിയമം നോക്കാതെ ശിക്ഷിക്കുന്ന (ലിഞ്ചിംഗ്) തിനെ കുറിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ പ്രതിപാദിപ്പിക്കുന്നേയില്ല. സാധാരണ ഇത്തരം കേസുകള്‍ 302 (കൊലപാതകം), 307 (കൊലപാതക ശ്രമം ) 323 അറിഞ്ഞുകൊണ്ട് പരിക്കേല്‍പ്പിക്കുക, 147 കലാപം , 148 ആയുധങ്ങളുപയോഗിച്ചുള്ള കൊലപാതകം, 149 നിയമവിരുദ്ധമായി സംഘടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉപയോഗിച്ചാണ് റജിസ്റ്റര്‍ ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം ഒരുകൂട്ടം അഭിഭാഷകരും സാമുഹിക പ്രവര്‍ത്തകരും ചേര്‍ന്ന് പ്രോട്ടക്ഷന്‍ ഫ്രം ലിഞ്ചിംഗ് ആക്ട് ബില്‍ തയ്യാറിക്കിയിരുന്നു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ സജ്ജയ് ഹെഡ്ജ് അദ്ധ്യക്ഷനായ സമിതിയാണ് ബില്‍ തയ്യാറാക്കിയത്.

അസൂത്രിതമായോ അല്ലാതെയോ ഒരാള്‍ക്കോ ആളുകള്‍ക്കോ ജനകൂട്ടം നല്‍കുന്ന ശിക്ഷകളും ആള്‍കൂട്ടം ഉണ്ടാക്കുന്ന അക്രമങ്ങളും നിയമം നോക്കാതെ ശിക്ഷിക്കുന്നതും (ലിഞ്ചിംഗ്) ആണെന്ന് ബില്‍ പറയുന്നു. ജാമ്യം ലഭിക്കാത്ത കുറ്റമാണിതെന്നും ബില്‍ പറയുന്നുണ്ട്.

എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് മൂന്നു മാസത്തിനകം ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചില്ലെങ്കില്‍ കേസ് നോഡല്‍ ഓഫീസരെ പരിശോധനയ്ക്കായി ഏല്‍പ്പിക്കണമെന്നും ഡി എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ പുതിയ ആന്വേഷണത്തിന് ഏല്‍പ്പിക്കണമെന്നും ബില്ലില്‍ പറയുന്നു.
ഇത്തരം കേസുകളുടെ വാദം കേള്‍ക്കാന്‍ പ്രത്യോക കോടതി വേണമെന്നും അക്രമണത്തിനിരയായവര്‍ക്കോ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കോ മൂപ്പത് ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ബില്ലില്‍ പറയുന്നു. ഇത്തരത്തിലുള്ള ഒരു നിയമം വേണമെന്നുള്ള ആവശ്യം അഭിഭാഷകര്‍ക്കിടയില്‍ നിന്നും സാമൂഹിക പ്രവര്‍ത്തകരില്‍ നിന്നും ശക്തമായി ഉയര്‍ന്നു വരുന്നുണ്ട്.

ജാര്‍ഖണ്ഡ് - എഴ്

2017 മേയ് 18- നാഗദിഹ് ഗ്രാമം- ജോലി കഴിഞ്ഞു മടങ്ങിയ മൂന്നു പേരെ നിരവധി ആളുകള്‍ ചേര്‍ന്നു തല്ലികൊന്നു.
പോലീസ് സ്‌റ്റേഷന്‍ - നാല് കിലോ മീറ്റര്‍ , അക്രമസമയത്ത് പോലീസ് എത്തിയെങ്കിലും തടയാനായില്ല.

2017 മേയ് 19-ഷോഭാപൂര്‍ ഗ്രാമം- നാല് പേരെ 700 ഓളം പേര്‍ തല്ലികൊന്നു
പോലീസ് സ്‌റ്റേഷന്‍ - 20 കിലോമീറ്റര്‍, എത്തിയത് ഒരു മണിക്കൂര്‍ കഴിഞ്ഞ്.


തമിഴ്‌നാട് - ഒന്ന്

2018 മേയ് 9- അത്തിമൂര്‍ ഗ്രാമം- അമ്പലത്തിലേക്കുള്ള വഴിചോദിച്ചതിനു ശേഷം കുട്ടികള്‍ക്ക് മിഠായി നല്‍കിയ 65കാരിയെ 200 പേര്‍ ചേര്‍ന്നു തല്ലികൊന്നു.

പോലീസ് സ്‌റ്റേഷന്‍- മൂന്ന് കിമി , എത്തിയത് 30 മിനുട്ടിനു ശേഷം

കര്‍ണാടക- ഒന്ന്

2018 മേയ് 23 - കോട്ടന്‍പേട്ട്- രാജസ്ഥാന്‍ തൊഴിലാളിയെ ഉച്ചയ്ക്ക് 1.30ന് 50ഓളം പേര്‍ തല്ലികൊന്നു

പോലീസ് സ്‌റ്റേഷന്‍ - രണ്ട് കിമി- എത്തിയത് 1.50ന്

തെലുങ്കാന- ഒന്ന്

2018 മേയ് 23 - ജിയാപള്ളി ഗ്രാമം- ബന്ധുവീട്ടില്‍ നിന്നും മടങ്ങിയ ഓട്ടോഡ്രൈവറെ വെകുന്നേരം ആറിന് 50 പേര്‍ തല്ലിക്കൊന്നു

പോലീസ് സ്‌റ്റേഷന്‍- 15 കിമി - പോലീസിന് വിവരം ലഭിക്കുന്നത് 11.30ന് എത്തുന്നത് 30 മിനുട്ട് കഴിഞ്ഞ്.

ആസ്സാം- രണ്ട്

2018 ജൂണ്‍ 8- പജ്ഞൂരി കച്ചരി- യുവാവിനേയും സുഹൃത്തിനേയും 500 പേര്‍ ചേര്‍ന്ന് രാത്രി 7.30 ന് കൊല്ലുന്നു

പോലീസ് സ്‌റ്റേഷന്‍- 18 കി മി - എത്തുന്നത് 9.10ന് . വിവരമറിഞ്ഞ് 30 മിനുട്ടിന് ശേഷം

പശ്ചിമ ബംഗാള്‍- രണ്ട്
2018 ജൂണ്‍ 13 - മാള്‍ഡാ- അറുപത് പേര്‍ ചേര്‍ന്ന് മാനസിക ആസ്വസ്ഥതയുള്ളയാളെ തല്ലിക്കൊല്ലുന്നു.

പോലീസ് സ്‌റ്റേഷന്‍ - എട്ട് കിമി. 30 മിനുട്ടിനുള്ളില്‍ എത്തുന്നു.

2018 ജൂണ്‍ 23 - കിഴക്കന്‍ മിഠ്‌നാപോര്‍- ചൂട് കാരണം മുഖം മറച്ചിരുന്ന ഒരാളെ പെണ്‍കുട്ടിയുമായി സംസാരിച്ചതിനെ തുടര്‍ന്നു 1000 പേര്‍ തല്ലികൊന്നു.

പോലീസ് സ്‌റ്റേഷന്‍ - എട്ട് കിമി- ചെക്ക് പോസ്റ്റില്‍ ഉണ്ടായിരുന്ന രണ്ടോ മൂന്നോ പോലീസുകാര്‍ മിനുട്ടുകള്‍ക്കകം എത്തുന്നു.

ഛത്തീസ്ഗഡ്- ഒന്ന്

2018 ജൂണ്‍ 22- മന്ദ്രലേഖ- മാനസിക ആസ്വസ്ഥതയുള്ളയാളെ 15 പേര്‍ ചേര്‍ന്നു കൊല്ലുന്നു

പോലീസ് സ്‌റ്റേഷന്‍ - 12 കിമി - അക്രമം നടക്കുമ്പോള്‍ വിവരം അറിഞ്ഞെങ്കിലും സമയത്തിനു പോലീസ് എത്തിയില്ല.

ത്രിപുര- മൂന്ന്

2018 ജൂണ്‍ 28 - സിന്ദയി മോഹന്‍പൂര്‍

വഴിക്കച്ചവടക്കാരായാ നാലു പേരെ 1000 പേര്‍ തല്ലുന്നു. ഒരാള്‍ കൊല്ലപ്പെടുന്നു

പോലീസ് സ്‌റ്റേഷന്‍ 8-10 കിമി . നാലു പേരും ത്രിപുരാ റൈഫിള്‍് ക്യാമ്പില്‍ അഭയം തേടുകയും സൈനികര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആള്‍ക്കൂട്ടത്തെ പിരിച്ചു വിടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കലാച്ചരാ- വ്യാജപ്രചരണങ്ങള്‍ക്കെതിരെ ബോധവത്ക്കരണം നടത്താന്‍ അധികാരികള്‍ നിയമിച്ചയാളെ 2000 പേര്‍ തല്ലികൊല്ലുന്നു.
പോലീസ് സ്‌റ്റേഷന്‍ - കുറച്ചു പോലീസുകാര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രതിരോധിക്കാനായില്ല.

ലക്ഷ്മിബീല്‍ - അജ്ഞാതയായ സ്ത്രീ കൊല്ലപ്പെടുകയും മറ്റൊരു സ്ത്രീ ആക്രമിക്കപ്പെടുകയും ചെയ്തു

പോലീസ് സ്‌റ്റേഷന്‍ - 5-6 കിമി

മഹാരാഷ്ട്ര- ഒമ്പത്

റയിന്‍പാഡ- ബന്ധുക്കളായ ആഞ്ച് പേരെ 3500 പേര്‍ ചേര്‍ന്നു കൊല്ലുന്നു

പോലീസ് സ്‌റ്റേഷന്‍ 40 കിമി - ഔട്ട്‌പോസ്റ്റ് 20 കിമി. 11.10 പോലീസ് സ്‌റ്റേനില്‍ വിവരം ലഭിച്ചെങ്കിലും പോലീസ് എത്തിയത് 12.15 ന്

കഴിഞ്ഞ മാസം ഔറഗാബാദില്‍ മൂന്നു പേരും ഗോഡിയയില്‍ ഒരാളും കൊല്ലപ്പെട്ടു.

Story by
Read More >>