മുസഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പീഡനം: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷപ്രതിഷേധം

ന്യൂഡൽ‍ഹി: ബിഹാറിലെ ഷെല്‍ട്ടര്‍ ഹോമിലെ ലൈംഗിക പീഡനം പുറത്തുവന്നതിന് പിന്നാലെ ആര്‍.ജെ.ഡി നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസും,...

മുസഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പീഡനം: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷപ്രതിഷേധം

ന്യൂഡൽ‍ഹി: ബിഹാറിലെ ഷെല്‍ട്ടര്‍ ഹോമിലെ ലൈംഗിക പീഡനം പുറത്തുവന്നതിന് പിന്നാലെ ആര്‍.ജെ.ഡി നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസും, ഇടതുപാര്‍ട്ടികളും. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ജന്തര്‍ മന്ദറില്‍ നടത്തുന്ന ധര്‍ണ്ണയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി.രാജ, ജെ.ഡി.യു മുന്‍ നേതാവ് ശരത് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാര്‍, ഷെഹ്‌ല റാഷിദ് തുടങ്ങിയവര്‍ പങ്കെടുത്തു.

സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്നും രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തയാണ് ബിഹാറില്‍ നിന്ന് വരുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ഇന്ത്യാഗേറ്റിന് മുന്നില്‍ നേതാക്കള്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. രാജ്യത്തെ മുഴുവൻ സ്ത്രീകളുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സംഭവത്തില്‍ ആരോപണവിധേയരായ മന്ത്രിമാരെ പുറത്താക്കാൻ മുഖ്യമന്ത്രി നിതീഷ്കുമാർ തയ്യാറായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് തേജസ്വി യാദവ് വ്യക്തമാക്കി.

ബിജെപിയിൽ നിന്ന് സ്‌ത്രീകളെ രക്ഷിക്കേണ്ട കാലമാണിതെന്നും പശുവിന്റെയും ലൗ ജിദാദിന്റയും പേരില്‍ ആക്രമങ്ങൾ പതിവായിരിക്കുകയാണെന്നും സീതാറാം യച്ചൂരി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവക്കണമെന്നും മുഴുവൻ പ്രതികള്‍ക്കും കൂടിയ ശിക്ഷ നല്‍കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.

ടിസ്സ് ഓഡിറ്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഷെല്‍ട്ടര്‍ ഹോമിലെ പീഡനവിവരം പുറത്തായത്. ഷെല്‍ട്ടര്‍ ഹോമിലെ 44 പെണ്‍കുട്ടികളില്‍ 34 പേര്‍ പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ വ്യക്തമായിരുന്നു. കേസില്‍ മെയ് 31ന് 11 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.എന്‍.ജി.ഒയുടെ ഉടമ ബ്രിജേഷ് ഠാക്കൂര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായ ഒരുപെണ്‍കുട്ടിയെ ജീവനക്കാര്‍ കൊലപ്പെടുത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയായ മഞ്ജു വേര്‍മയുടെ ഭര്‍ത്താവായ ചന്ദേശ്വര്‍ വേര്‍മയ്‌ക്കെതിരെയും ആരോപണമുണ്ട്. കേന്ദ്രം നടത്തിപ്പുകാരനായ ബ്രജേഷ് താക്കൂറിനെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Story by
Read More >>