മൻമോഹനും ചിദംബരവും സാമ്പത്തിക പരിഷ്കരണത്തിന്‍റെ നിർമ്മാതാക്കൾ ;പ്രശംസയുമായി നാരായണ മൂർത്തി

മോദി സര്‍ക്കാരിന്‍റെ നയങ്ങളോടുള്ള വിയോജിപ്പു തന്നെയാണ് മൂർത്തിയുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാവുന്നത്.

മൻമോഹനും ചിദംബരവും സാമ്പത്തിക പരിഷ്കരണത്തിന്‍റെ  നിർമ്മാതാക്കൾ ;പ്രശംസയുമായി നാരായണ മൂർത്തി

മുംബൈ: ഇന്നു കാണുന്ന തരത്തിലേക്ക് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ വളർത്തിയെടുത്തത് മൻമോഹൻ സിങ്ങും പി.ചിദംബരവുമെന്ന് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി. അടുത്തിടെ സെന്റ് സേവ്യർ കോളജിൽ നടന്ന ചടങ്ങിലാണ് മൂർത്തി മുതിർന്ന കോൺഗ്രസ് നേതാക്കളെ പ്രശംസിച്ച് രംഗത്തെത്തിയത്.

പി.വി നരസിംഹറാവു,ഡോ മൻമോഹൻ സിങ്, പി.ചിദംബരം, മൊൻടേക് സിങ് അഹ്ലുവാലിയ എന്നിവരാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ പരിഷ്കരണങ്ങള്‍ നടപ്പാക്കിയത്. അതിന്‍റെ ശില്പികള്‍ അവരാണ്. ഇന്നുകാണുന്ന അടിയുറച്ച സാമ്പത്തിക രംഗം ഉണ്ടായത് അവരുടെ സാമ്പത്തിക പരിഷ്കരണങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു .സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലും ആശയവിനിമയരംഗത്തും ഇവര്‍ വരുത്തിയ മാറ്റങ്ങള്‍ വലിയ മുന്നേറ്റമാണുണ്ടാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി സർക്കാരിന്റെ സാമ്പത്തിക നയങ്ങളോടുള്ള ശക്തമായ വിയോജിപ്പ് പ്രകടമാക്കുന്നതാണ് മൂർത്തിയുടെ പ്രസ്താവന.

കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന കാര്യങ്ങളിലുള്ള അതൃപ്തി ഇതേ ചടങ്ങിൽ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കുകയാണെങ്കിൽ,പ്രത്യേകിച്ച് യുവാക്കൾ പറയണം, നമ്മുടെ പൂർവ്വികർ ആഗ്രഹിച്ച ഇന്ത്യയല്ല ഇതെന്ന്. എന്നാൽ നമ്മളിൽ എത്രപേർ അതു ചെയ്യുന്നു. ആരും അത് ചെയ്യുന്നില്ലെന്നത് സങ്കടകരമാണ്. അതുകൊണ്ടാണ് ഈ രാജ്യം ഇന്ന് ഈ അവസ്ഥയിൽ തുടരുന്നത്. തെറ്റ് ചൂണ്ടികാണിച്ച് അപ്രീതിപ്പെടുത്താൻ ആരും ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇന്ത്യൻ വ്യവസായ രംഗം കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ നിരവധി വ്യവസായ പ്രമുഖർ മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ രംഗത്തുവന്നിരുന്നു. നയങ്ങളോടുള്ള വിയോജിപ്പു തന്നെയാണ് മൂർത്തിയുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാവുന്നത്.

Read More >>