നരോദാപാട്യ കൂട്ടക്കൊലക്കേസ്: മായ കോട്‌നാനിയെ വെറുതെ വിട്ടു

Published On: 2018-04-20 06:45:00.0
നരോദാപാട്യ കൂട്ടക്കൊലക്കേസ്: മായ കോട്‌നാനിയെ വെറുതെ വിട്ടു

അഹമ്മദാബാദ്: നരോദാപാട്യ കൂട്ടകൊലക്കേസില്‍ ഗുജറാത്ത് മുന്‍മന്ത്രി മായ കൊട്നാനിയെ വെറുതെവിട്ടു. അതേസമയം, ബജ്‌റംഗ്ദള്‍ മുന്‍ നേതാവ് ബാബു ബജ്‌റംഗിയുടെ ശിക്ഷ കോടതി ശരിവച്ചു. കോട്‌നാനിയും ബാബു ബജ്‌റംഗിയുമുള്‍പ്പെടെ 32 പേര്‍ കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രത്യേക കോടതി ഇരുവരുമടക്കം 32 പേര്‍ക്ക് ജീവപര്യന്തം തടവു വിധിച്ചിരുന്നു. ഇതിനെതിരേ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി.

സംശയത്തിന്റെ ആനുകൂല്യത്തിലാണ് കോട്‌നാനിയെ വെറുതെ വിടുന്നതെന്ന് കോടതി വ്യക്തമാക്കി. വംശഹത്യയുടെ ബുദ്ധികേന്ദ്രം കൊട്നാനിയാണെന്നു വിചാരണക്കോടതി നേരത്തേ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രത്യേക കോടതി 2012ല്‍ കൊട്നാനിക്ക് 28 വര്‍ഷം തടവു വിധിച്ചു. കൊട്നാനിക്ക് പിന്നീട് ജാമ്യം ലഭിച്ചു. ബജ്റംഗ്ദള്‍ മുന്‍ നേതാവ് ബാബു ബജ്റംഗിക്ക് മരണം വരെ തടവാണ് കോടതി വിധിച്ചത്. കേസില്‍ മറ്റ് ഏഴു പ്രതികള്‍ക്ക് 21 വര്‍ഷം ജീവപര്യന്തവും ബാക്കി പ്രതികള്‍ക്ക് 14 വര്‍ഷം വീതം ജീവപര്യന്തവുമാണ് വിധിച്ചത്.

കേസില്‍ 29 പ്രതികളെ വിചാരണക്കോടതി തെളിവിന്റെ അഭാവത്തില്‍ കുറ്റവിമുക്തരാക്കിയിരുന്നു. അതേസമയം, ഇവരെ കുറ്റവിമുക്തരാക്കിയതിനെതിരേ എസ്ഐടി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.

2002 ഫെബ്രുവരി 27ന് ഗോധ്ര തീവണ്ടി തീവയ്പില്‍ 59 കര്‍സേവകര്‍ കൊല്ലപ്പെട്ടതിനു പ്രതികാരമായി പിറ്റേ ദിവസം വിഎച്ച്പിയും ബജ്റംഗ്ദളും ആഹ്വാനം ചെയ്ത ബന്ദിനിടെ 97 മുസ്ലിംകളെ കൂട്ടക്കൊല നടത്തിയ സംഭവമാണ് നരോദപാട്യ കൂട്ടക്കൊല. മരിച്ചവരില്‍ 35 പേര്‍ കുട്ടികളും 36 പേര്‍ സ്ത്രീകളുമായിരുന്നു.

Top Stories
Share it
Top