പുരസ്‌ക്കാരങ്ങള്‍ തിരസ്‌ക്കരിച്ചവര്‍ക്ക് തപാല്‍ വഴി നല്‍കും

Published On: 5 May 2018 3:45 PM GMT
പുരസ്‌ക്കാരങ്ങള്‍ തിരസ്‌ക്കരിച്ചവര്‍ക്ക് തപാല്‍ വഴി നല്‍കും

ന്യുഡെല്‍ഹി:ദേശീയ ചലചിത്ര പുരസ്‌ക്കാരങ്ങള്‍ തിരസ്‌ക്കരിച്ചവര്‍ക്ക് പുരസ്‌ക്കാരങ്ങള്‍ തപാല്‍ വഴി എത്തിക്കുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍. ചടങ്ങ് ബഹിഷ്‌ക്കരിച്ച 60 -ല്‍ അധികം പുരസ്‌ക്കാര ജേതാക്കള്‍ക്കാണ് തപാല്‍ മാര്‍ഗം പുരസ്‌ക്കാരം വിതരണം ചെയ്യാന്‍ വാര്‍ത്താ വിതരണ മന്ത്രാലയം ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട തീരുമാനം പെട്ടെന്ന് തന്നെ ഉണ്ടാകുമെന്ന് മന്ത്രാലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

65-ാമത് ദേശീയ ചലചിത്ര പുരസ്‌ക്കാരങ്ങള്‍ മുഴുവന്‍ രാഷ്ട്രപതി വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് 60-ല്‍ അധികം അവാര്‍ഡ് ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നു. 11 പേര്‍ക്ക് മാത്രമായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. ബാക്കിയുള്ള അവാര്‍ഡ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയായിരുന്നു സമ്മാനിച്ചത്.

മുന്‍ വര്‍ഷങ്ങളില്‍ വരെ രാഷ്ട്രപതിയായിരുന്നു അവാര്‍ഡ് വിതരണം ചെയ്തതെന്നും അതിനാല്‍ ഇത്തവണയും രാഷ്ട്രപതിയില്‍ നിന്നോ അല്ലെങ്കില്‍ ഉപരാഷ്ട്രപതിയില്‍ നിന്നോ അവാര്‍ഡ് സ്വീകരിച്ചാല്‍ മതിയെന്നായിരുന്നു അവാര്‍ഡ് ജേതാക്കളുടെ തീരുമാനം. എന്നാല്‍ രാഷ്ട്രപതി ചടങ്ങില്‍ പങ്കെടുക്കുന്ന സമയം ഒരു മണിക്കൂര്‍ മാത്രമാണെന്നും അതിനാല്‍ 11 പുരസ്‌ക്കാരങ്ങളെ വിതരണം ചെയ്യുകയുള്ളൂ എന്നുമായിരുന്നു രാഷ്ട്രപതി ഭവന്റെ വിശദീകരണം.

പുരസ്‌ക്കാര വിതരണം കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി നടത്തിയത് അവാര്‍ഡ് ജേതാക്കളുടെ പ്രതിഷേധത്തിനിടയാക്കുകയും അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്‌ക്കരണത്തിലേക്ക് നീങ്ങുകയും ചെയ്തു.പുരസ്‌ക്കാര ബഹിഷ്‌ക്കരണം വലിയ വിവാദത്തിനായിരുന്നു തിരിക്കൊളുത്തിയത്.


Top Stories
Share it
Top