നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ ഇനി വര്‍ഷത്തില്‍ രണ്ടു തവണ

Published On: 2018-07-07 11:15:00.0
നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍  ഇനി വര്‍ഷത്തില്‍ രണ്ടു തവണ

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍, എഞ്ചിനിയറിംഗ് രംഗത്തേക്കുള്ള പ്രവേശന പരീക്ഷകളായ നീറ്റും ജെഇഇ മെയിനും ഇനി മുതല്‍ വര്‍ഷത്തില്‍ രണ്ട് തവണ നടത്തും. നിലവില്‍ സി.ബി.എസ്.ഇ നടത്തി വരുന്ന ഈ പരീക്ഷകളുടെ മേല്‍നോട്ടം ഇനി മുതല്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കായിരിക്കുമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

രണ്ട് പരീക്ഷകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് അടിസ്ഥാനമാക്കിയാകും പ്രവേശനം. ഇതിന്റെ പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ നിന്നോ അംഗീകൃത സെന്ററുകളില്‍ നിന്നോ സൗജന്യമായി ലഭ്യമാക്കും. ഇത്തരം സെന്ററുകളുടെ വിവരം ഉടനെ പുറത്തു വിടുമെന്നും മന്ത്രി അറിയിച്ചു.

രാജ്യത്തെ ഐ.ഐ.ടികളിലേക്കുള്ള പ്രവേശനത്തിന് നടത്തുന്ന പൊതു പരീക്ഷയായ ജെഇഇ മെയിന്‍ ജനുവരിയിലും ഏപ്രിലുമാണ് നടത്തുക. മെഡിക്കല്‍, ദന്തല്‍ കോളേജുകളിലേക്കുള്ള പ്രവേശനത്തിനുള്ള പൊതു പരീക്ഷയായ നീറ്റ് ഫെബ്രുവരിയിലും മാര്‍ച്ചിലും നടക്കും.

Top Stories
Share it
Top