പ്രാദേശിക ഭാഷകളിൽ ഹിന്ദി അടിച്ചേൽപിക്കാൻ ആവശ്യപ്പെട്ടിട്ടില്ല.രണ്ടാമത്തെ ഭാഷയായി പഠിക്കണമെന്നാണ് അഭ്യർത്ഥിച്ചത്:അമിത് ഷാ

ഞാൻ തന്നെ വരുന്നത് ഹിന്ദി സംസാരിക്കാത്ത ഗുജറാത്തിൽ നിന്നാണ്. ചിലർക്ക് ഇതിൽ രാഷ്ട്രീയം ചെയ്യണമെങ്കിൽ അത് അവരുടെ തെരഞ്ഞെടുപ്പാണ് ഷാ പറഞ്ഞു.

പ്രാദേശിക ഭാഷകളിൽ ഹിന്ദി അടിച്ചേൽപിക്കാൻ ആവശ്യപ്പെട്ടിട്ടില്ല.രണ്ടാമത്തെ ഭാഷയായി പഠിക്കണമെന്നാണ് അഭ്യർത്ഥിച്ചത്:അമിത് ഷാ

ന്യൂഡൽഹി: രാജ്യം മുഴുവൻ ഒരു ഭാഷ എന്ന തന്റെ പരാമർശത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രാദേശിക ഭാഷകളുടെ മുകളിൽ ഹിന്ദിയെ സ്ഥാപിക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇക്കാര്യത്തിൽ ചിലർ രാഷ്ട്രീയം കളിക്കുകയാണെന്നും അത് അവരുടെ ചോയ്‌സാണെന്നും ഷാ പറഞ്ഞു.

മറ്റു പ്രാദേശിക ഭാഷകളിൽ ഹിന്ദി അടിച്ചേൽപിക്കാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ രണ്ടാമത്തെ ഭാഷയായി ഹിന്ദി പഠിക്കണമെന്നാണ് അഭ്യർത്ഥിച്ചതെന്നും ഷാ പറഞ്ഞു. ഞാൻ തന്നെ വരുന്നത് ഹിന്ദി സംസാരിക്കാത്ത ഗുജറാത്തിൽ നിന്നാണ്. ചിലർക്ക് ഇതിൽ രാഷ്ട്രീയം ചെയ്യണമെങ്കിൽ അത് അവരുടെ തെരഞ്ഞെടുപ്പാണ് ഷാ പറഞ്ഞു.

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകണമെന്നും ഹിന്ദിക്ക് അതിനുള്ള ശേഷിയുണ്ടെന്നും ഹിന്ദി ദിവസ് ആഘോഷ ദിനത്തില്‍ ഷാ ട്വീറ്റ് ചെയ്യുകയും ഇത് വൻവിവാദവുമായ സാഹചര്യത്തിലാണ് പ്രതികരണം.

അസദുദ്ദിൻ ഒവൈസി, തമിഴ്നാട് സാംസ്‌കാരിക മന്ത്രി കെ പാണ്ഡ്യരാജൻ, ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയ നേതാക്കളും ഷായുടെ പരാമർശത്തിൽ എതിർപ്പ് പ്രകടമാക്കിയിരുന്നു.

രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും 'ഹിന്ദി അജണ്ട' യിൽ നിന്ന് പിന്മാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് ഭാഷയുടെ പേരിൽ സംഘ പരിവാർ പുതിയ സംഘർഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. രാജ്യവും ജനങ്ങളും നേരിടുന്ന സുപ്രധാന പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങൾ തിരിച്ചറിയപ്പെടുന്നുണ്ട് എന്ന് സംഘ പരിവാർ മനസ്സിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.

ഹിന്ദി രാജ്യവ്യാപകമാക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടുപോയില്ലെങ്കിൽ ഹിന്ദി ആധിപത്യത്തിലൂടെ അവകാശങ്ങൾ നഷ്ടപ്പെടുന്ന സംസ്ഥാനങ്ങളെ ഒന്നിപ്പിച്ച് ജനാധിപത്യപരമായ വഴിയിൽ പ്രതിഷേധിക്കുമെന്ന് ഡി.എം.കെ നേതാവ് സ്റ്റാലിൻ പറഞ്ഞിരുന്നു.

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനാണ് ശ്രമമെങ്കിൽ ജല്ലിക്കെട്ട് പ്രക്ഷോഭത്തേക്കാൾ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് കമൽഹാസൻ പ്രതികരിച്ചിരുന്നു.

Read More >>