നീരവ് മോദി ബ്രിട്ടണിൽ; സിബിഐ ഇന്റർപോളിന്റെ സഹായം തേടുന്നു 

ന്യൂഡല്‍ഹി: നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാൻ സിബിഐ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടു. പി എന്‍ ബി തട്ടിപ്പുകേസില്‍ നീരവ്...

നീരവ് മോദി ബ്രിട്ടണിൽ; സിബിഐ ഇന്റർപോളിന്റെ സഹായം തേടുന്നു 

ന്യൂഡല്‍ഹി: നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാൻ സിബിഐ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടു. പി എന്‍ ബി തട്ടിപ്പുകേസില്‍ നീരവ് മോദിയെയും അമ്മാവൻ മെഹുല്‍ ചോക്‌സിയെയും അറസ്റ്റുചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്.‌ തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതര്‍ പരാതി നല്‍കുന്നതിന് തൊട്ടുമുമ്പാണ് നീരവ് മോദി രാജ്യംവിട്ടത്.

കേസില്‍ നീരവ് മോദിക്കും മെഹുൽ ചോക്സിക്കുമെതിരെ സിബിഐ അന്വേഷണം നടത്തുകയാണ്. വജ്രവ്യാപാരിയെ അറസ്റ്റുചെയ്ത് രാജ്യത്തെത്തിക്കുന്നതിനും കോടതിയില്‍ ഹാജരാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിബിഐ ഇന്റര്‍പോളിനെ സമീപിച്ചിട്ടുള്ളത്. സിബിഐയുടെ അഭ്യര്‍ഥന ഇന്റര്‍പോള്‍ പരിഗണിക്കുമെന്നാണ് സൂചന.

അതേസമയം, പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതി നീരവ് മോദി ഇംഗ്ലണ്ടിൽ രാഷ്ട്രീയ അഭയം തേടി. രാഷ്ട്രീയ അഭയം നല്‍കണമെന്ന ആവശ്യം മോദി മുന്നോട്ട് വച്ചതായി ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

കഴിഞ്ഞ മാസമാണ് ബ്രിട്ടണിലുള്ള എല്ലാ ഇന്ത്യന്‍ സാമ്പത്തിക തട്ടിപ്പുകാരെയും പുറത്താക്കണമെന്ന നിര്‍ദ്ദേശം ഇന്ത്യ മുന്നോട്ട് വച്ചത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഉൾപ്പെട്ട വിജയ് മല്യ, ലളിത് മോദി എന്നിവര്‍ ബ്രിട്ടണില്‍ അഭയം തേടിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ബയേഴ്‌സ് ക്രെഡിറ്റ് സംവിധാനം ഉപയോഗിച്ചാണ് 13,000 കോടിരൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയാണ് നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും രാജ്യം വിട്ടത്.

Story by
Read More >>