മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കില്ല: കുമാരസ്വാമി

Published On: 2018-05-20 12:45:00.0
മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കില്ല: കുമാരസ്വാമി

ബെം​ഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിസ്ഥാനം പങ്കിടില്ലെന്ന് നിയുക്ത മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസുമായി പങ്കിടാമെന്ന് ധാരണയില്ല. പകരം ഉപമുഖ്യമന്ത്രിപദം കോണ്‍ഗ്രസിന് നൽകും. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന. മന്ത്രിസഭ സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസിന് 20 ജെ ഡി എസിന് 13 മന്ത്രിമാരാകും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച്ചയാണ് കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ചരമവാര്‍ഷിക ദിനമായത് കൊണ്ടാണ് തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞ മാറ്റിയത്. ജി പരമേശ്വര ഉപമുഖ്യമന്ത്രിയായാൽ ഡി കെ ശിവകുമാറിനെ കെ പി സി സി പ്രസിഡന്റായി നിയമിച്ചേക്കും.

2006ൽ ബി ജെ പിയുമായുണ്ടാക്കിയ ധാരണയിലായിരുന്നു കുമാരസ്വാമി മുഖ്യമന്ത്രിയായത്. എന്നാല്‍ അധികാരം പങ്കിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 20 മാസത്തിന്‌ ശേഷം സഖ്യം തകര്‍ന്നു. ബി എസ് യെദ്യൂരപ്പയായിരുന്നു അന്ന് ഉപമുഖ്യമന്ത്രിസ്ഥാനം വഹിച്ചിരുന്നത്.


അതേസമയം, കോൺഗ്രസ്- ജെ ഡി എസ് സഖ്യം വൈകാതെ തകരുമെന്ന് ബി ജെ പി. 2004ലെ കോൺഗ്രസ്-ജെ ഡി എസ് സഖ്യം രണ്ടു വർഷത്തിൽ താഴെ മാത്രമാണു നീണ്ടതെന്നും ബി ജെ പി ആരോപിച്ചു. ഇന്നലെ രാജ്ഭവനിലെത്തിയ കുമാരസ്വാമി ഗവര്‍ണര്‍ വാജുഭായ് വാലയുമായി കൂടിക്കാഴ്ച്ച നടത്തി. കുമാരസ്വാമിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസം അനുവദിച്ചു. സത്യപ്രതിജ്ഞയ്ക്ക് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എം കെ സ്റ്റാലിന്‍, മായാവതി, മമത ബാനര്‍ജി, ചന്ദ്രശേഖര റാവു, അഖിലേഷ് യാദവ് തുടങ്ങിയവരെ കുമാരസ്വാമി ക്ഷണിച്ചിട്ടുണ്ട്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ.

Top Stories
Share it
Top