മോദി സര്‍ക്കാറിനെതിരെ അവിശ്വാസത്തിനു നോട്ടീസ്; ടിഡിപിയെ പിന്തുണച്ച് പ്രതിപക്ഷം

Published On: 2018-03-16 05:30:00.0
മോദി സര്‍ക്കാറിനെതിരെ അവിശ്വാസത്തിനു നോട്ടീസ്; ടിഡിപിയെ പിന്തുണച്ച് പ്രതിപക്ഷം

വൈ എസ് ആര്‍ കോണ്‍ഗ്രസും ടിഡിപിയും മോദി സര്‍ക്കാരിനെതിരെ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിനെ കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും അണ്ണാ ഡിഎംകെയും പിന്തുണ പ്രഖ്യാപിച്ചു. ടിഡിപിക്കു ലോക്‌സഭയില്‍ 16 അംഗങ്ങളുണ്ട്. വൈ എസ് ആര്‍ കോണ്‍ഗ്രസിനു ലോക്‌സഭയില്‍ 9 അംഗങ്ങളാനുള്ളത്. 37 അംഗങ്ങളാണ് അണ്ണാ ഡിഎംകെയ്ക്ക് ഉള്ളത്. കോണ്‍ഗ്രസിന് 48 സീറ്റുകളും ലോക്സഭയില്‍ ഉണ്ട്. ഇടതുപക്ഷത്തിന് ഒന്‍പത് സീറ്റുകളുമാണുള്ളത്. നാലു വര്‍ഷത്തെ ഭരണത്തിനിടെ ഇതാദ്യമായിട്ടാണ് മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള നീക്കം നടക്കുന്നത്.
ഇന്ന് എന്‍ഡിഎ വിട്ട തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷമാണ് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്ന തീരുമാനം അറിയിച്ചത്. ഇന്നലെ വൈ എസ് ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗമോഹന്‍ റെഢി കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരുമെന്ന് അറിയിച്ചിരുന്നു. ബി.ജെ.പിക്കെതിരായ പ്രാദേശിക കക്ഷികളുടെ ഐക്യനീക്കം കരുത്താര്‍ജിക്കുന്നതായാണ് അവിശ്വാസ പ്രമേയത്തെകാണുന്നത്.

യു.പി, ബിഹാര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റതിനു തൊട്ടുപിന്നാലെ സവിശേഷ സാഹചര്യങ്ങളാണ് രൂപപ്പെട്ടത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കിക്കൊണ്ട് അധിക കേന്ദ്രസഹായം അനുവദിക്കണമെന്ന ആവശ്യവുമായി തുടര്‍ച്ചയായി ഒമ്പതു ദിവസം പാര്‍ലമന്റെ് സ്തംഭിപ്പിക്കുന്ന ആന്ധ്രപ്രദേശ് കക്ഷികള്‍ മോദിസര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുന്നത് ബി.ജെ.പി പാളയത്തില്‍ വലിയ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ടി.ഡി.പി പോയാല്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാമെന്ന വിധത്തിലായിരുന്നു ബി.ജെ.പിയില്‍ ഇതുവരെ ചിന്താഗതി. അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി കിട്ടണമെങ്കില്‍ 54 എം.പിമാരുടെ പിന്തുണ വേണം. 2017, 2018 വര്‍ഷങ്ങളിലെ 10 ഉപതെരഞ്ഞെടുപ്പുകളില്‍ ഒന്നിലും ജയിക്കാന്‍ കഴിയാത്ത ബി.ജെ.പിക്ക് ലോക്സഭയില്‍ ഇപ്പോഴും ഒറ്റക്ക് കേവല ഭൂരിപക്ഷമുണ്ട്.

Top Stories
Share it
Top