വിവരങ്ങൾ ആധാറിൽ നിന്ന് ചോർന്നതല്ല; വിശദീകരണവുമായി യുഐഡിഎഐ

Published On: 2018-07-30 05:45:00.0
വിവരങ്ങൾ ആധാറിൽ നിന്ന് ചോർന്നതല്ല; വിശദീകരണവുമായി യുഐഡിഎഐ

ന്യൂഡല്‍ഹി: ട്രായ് തലവന്‍ ആര്‍.എസ്.ശര്‍മയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) വിശദീകരണം. ആധാര്‍ ഡേറ്റാ ബേസില്‍ നിന്നോ സെര്‍വറുകളില്‍ നിന്നോ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല.

ഗൂഗിളിൽ ലഭിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തിയാണ് ചോര്‍ന്നു കിട്ടിയതെന്ന പേരില്‍ പ്രചരിപ്പിച്ചതെന്നും യുഐഡിഎഐ വ്യക്തമാക്കി. ആധാര്‍ വിവരങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടേക്കുമെന്ന വാർത്ത സജീവമായതിനെ തുടർന്നാണ് സ്വന്തം ആധാര്‍ നമ്പര്‍ ട്വിറ്ററില്‍ പരസ്യപ്പെടുത്തി ആര്‍.എസ്.ശര്‍മ ഹാക്കര്‍മാരെ വെല്ലുവിളിച്ചത്. ഇതിനു പിന്നാലെയാണ് ശര്‍മയുടെ വ്യക്തിഗതവിവരങ്ങള്‍ ഹാക്കര്‍മാര്‍ പരസ്യപ്പെടുത്തിയത്.

വെറുമൊരു നമ്പര്‍ കൊണ്ട് ആര്‍ക്കും ഒന്നും ചെയ്യാനാകില്ലെന്നും ശര്‍മ പറഞ്ഞിരുന്നു. മൊബൈല്‍ നമ്പര്‍ സംബന്ധിച്ച വിവരങ്ങളും ജനനത്തീയതിയും പാന്‍ കാര്‍ഡ് നമ്പറുമെല്ലാം ഇങ്ങനെ പുറത്തുവന്നു. ശര്‍മയുടെ അക്കൗണ്ടിലേക്ക് ഹാക്കര്‍മാര്‍ ഒരു രൂപ നിക്ഷേപിക്കുക വരെ ചെയ്തു.

ആധാര്‍ സുരക്ഷിതമല്ലെന്ന് തെളിഞ്ഞെന്നായിരുന്നു ഇതിലൂടെ ഹാക്കര്‍മാരുടെ വാദം. എന്നാല്‍, ഇത് പൊളിച്ചടുക്കുന്നതാണ് യുഐഡിഎഐ ഇപ്പോള്‍ നല്കിയിരിക്കുന്ന വിശദീകരണം. ശര്‍മയുടെ ആധാര്‍ വിവരങ്ങള്‍ അല്ല ചോര്‍ന്നതെന്നും മറ്റ് പലവിധത്തിലും ശേഖരിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തി ഹാക്കര്‍മാര്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നുമാണ് യുഐഡിഎഐ പറയുന്നത്.

Top Stories
Share it
Top