​ഗാന്ധി കുടുംബവും വിമാനത്തില്‍ കയറാൻ വരി നിൽക്കണം?; എയര്‍പോര്‍ട്ട് പ്രിവിലേജുകൾ ഒഴിവാക്കാനൊരുങ്ങി കേന്ദ്രം

ഇളവുകള്‍ ഒഴിവാക്കാനായി വ്യോമയാന സുരക്ഷാ ബ്യൂറോ സർക്കാറിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

​ഗാന്ധി കുടുംബവും വിമാനത്തില്‍ കയറാൻ വരി നിൽക്കണം?; എയര്‍പോര്‍ട്ട് പ്രിവിലേജുകൾ ഒഴിവാക്കാനൊരുങ്ങി കേന്ദ്രം

ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിൻവലിച്ചതിന് പിന്നാലെ എയര്‍പോര്‍ട്ട് പ്രിവിലേജുകളും ഒഴിവാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. റെഡിഫ് ഡോട്കോമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് പരിശോധനയില്ലാതെ വിമാനത്തില്‍ കയറാനുള്ള ഇളവുകള്‍ ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ഇതോടെ സാധാരണ യാത്രക്കാരെ പോലെ ഇനി മുതല്‍ ഗാന്ധി കുടുംബാംഗങ്ങളും വരി നിന്ന് വിമാനത്തില്‍ കയറേണ്ടി വരും. ഇളവുകള്‍ ഒഴിവാക്കാനായി വ്യോമയാന സുരക്ഷാ ബ്യൂറോ സർക്കാറിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. നടപടി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സാധാരണ യാത്രക്കാരെ പോലെ വരി നിന്ന് ദേഹ പരിശോധനയ്ക്ക് വിധേയരായി മാത്രമേ ഗാന്ധി കുടുംബത്തിനും വിമാന യാത്ര ചെയ്യാനാകൂ.

എസ്പിജി സുരക്ഷ പിന്‍വലിച്ചതിന് മൂന്ന് മാസത്തിന് ശേഷമാണ് എയര്‍പോര്‍ട്ട് പ്രിവിലേജുകളും ഒഴിവാക്കാനുള്ള നടപടി ആരംഭിച്ചത്. എസ്‌പി‌ജി കവർ പിൻവലിച്ചതിനുശേഷവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും ഗാന്ധി കുടുംബാംഗങ്ങള്‍ അനൗദ്യോഗികമായി ഇളവുകള്‍ അനുവദിച്ചിരുന്നു.

എന്നാല്‍ മുന്‍പ് എസ്പിജി സുരക്ഷ ലഭിച്ചയാളുടെ വാഹനം വിമാനത്തിന് അടുത്ത് വെച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. അന്ന് ഇത് സംബന്ധിച്ച് എയര്‍പോര്‍ട്ട് സുരക്ഷ അതോറിറ്റി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് വലിയ സുരക്ഷാ ഭീഷണയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തേ ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

നിലവിൽ മൂവർക്കും പാരാമിലിട്ടറി സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിന്റെ(സി.ആർ.പി.എഫ്) ഇസഡ് പ്ലസ് സുരക്ഷയാണുള്ളത്.അടുത്ത കാലത്ത് ഗാന്ധി കുടുംബത്തിന് വലിയ സുരക്ഷ ഭീഷണികള്‍ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. നേരത്തെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റേയും എസ്പിജി സുരക്ഷ കേന്ദ്രം റദ്ദാക്കിയിരുന്നു.

Read More >>