മോദി സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നു

Published On: 2018-07-20 02:30:00.0
മോദി സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയത്തില്‍ സഭയില്‍ ചര്‍ച്ച പുരോഗമിക്കുന്നു. അവിശ്വാസപ്രമേയത്തിന് പ്രതീക്ഷിച്ച പിന്തുണ പ്രതിപക്ഷത്തിന് ഉറപ്പിക്കാനാകാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കുന്നുണ്ട് .

അവിശ്വാസപ്രമേയ ചര്‍ച്ച സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം അവതരിപ്പിക്കാനുള്ള അവസരമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചത്. ആള്‍ക്കൂട്ട ആക്രമണം, നോട്ട് അസാധുവാക്കല്‍, ജിഎസ്ടി എന്നിവയ്ക്കു ശേഷമുള്ള ആശയക്കുഴപ്പം, കാര്‍ഷികമേഖലയിലെ തിരിച്ചടി, റാഫേല്‍ അഴിമതി തുടങ്ങിയ വിഷയങ്ങള്‍ രാഹുല്‍ ഗാന്ധി ആയുധമാക്കും.

സംഖ്യയുടെ കളിയില്‍ തിരിച്ചടി ഒഴിവാക്കാനാണ് ബിജെപി നീക്കം. 18 പേരുള്ള ശിവസേന അമിത്ഷാ ഉദ്ധവ് താക്കറെയുമായി ടെലിഫോണില്‍ സംസാരിച്ചതോടെ സര്‍ക്കാരിനൊപ്പമായെന്നാണ് വ്യക്തമാകുന്നത്. 37 അംഗങ്ങളുള്ള അണ്ണാ ഡിഎംകെയും 20 പേരുള്ള ബിജെഡിയും ഉള്‍പ്പെടെ 73 പേര്‍ വിട്ടുനില്‍ക്കാനാണ് സാധ്യത.

എന്‍ഡിഎയ്ക്ക് നിലവില്‍ 314 പേരാണുള്ളത്. ബിജുജനതാദളും ടിആര്‍എസും ശിവസേനയും നിലപാട് ഇന്ന് രാവിലെ പരസ്യമായി പ്രഖ്യാപിക്കും. അതേസമയം ഒറ്റക്കെട്ടായി ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ നീങ്ങാന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ 16 പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി രാത്രി ഏഴുമണിയോടെ സംസാരിക്കും. പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ പ്രതിപക്ഷത്തിന് തിരിച്ചടി നല്കാം എന്ന പ്രതീക്ഷയിലാണ് ബിജെപി. 37 അംഗങ്ങളുള്ള അണ്ണാ ഡിഎംകെ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചത് ബിജെപിക്ക് ആശ്വാസമായി. വോട്ടെടുപ്പില്‍ നിന്ന് അവര്‍ വിട്ടുനിന്നേക്കും. എന്‍ഡിഎയില്‍ ശിവസേന ഒഴികെ 296 എംപിമാരുണ്ട്.

കോണ്‍ഗ്രസ് ഉള്‍പ്പെട്ട വിശാല പ്രതിപക്ഷത്ത് 147 പേരുടെ പിന്തുണയാണുള്ളത്. ടിഡിപിയി തൃണമൂല്‍ എന്നിവയിലെ ചില എംപിമാര്‍ വിട്ടുനില്ക്കുമെന്ന അഭ്യൂഹമുണ്ട്. സംഖ്യയില്‍ ജയിക്കാന്‍ കഴിയാത്ത പ്രതിപക്ഷത്തിന് സംവാദത്തിലെങ്കിലും വിജയിക്കേണ്ടത് അനിവാര്യമാകുകയാണ്.

Top Stories
Share it
Top