അവിശ്വാസ പ്രമേയം: സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടും-സിപിഐഎം

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയം കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടുമെന്ന് സിപിഐഎം. അവിശ്വാസ പ്രമേയം...

അവിശ്വാസ പ്രമേയം: സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടും-സിപിഐഎം

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയം കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടുമെന്ന് സിപിഐഎം. അവിശ്വാസ പ്രമേയം വെള്ളിയാഴ്ച ലോകസഭ ചര്‍ച്ചചെയ്യും.

പെരുകുന്ന കര്‍ഷകആത്മഹത്യ, ബാങ്കിങ് മേഖലയിലെ തകര്‍ച്ച, സ്ത്രീകള്‍ക്കും ദളിതര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍, ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാനപദവി നിഷേധിച്ച വിഷയം എന്നിവ ഉന്നയിച്ച് വിവിധ പ്രതിപക്ഷകക്ഷികള്‍ നല്‍കിയ നോട്ടീസുകളുടെ അടിസ്ഥാനത്തിലാണ് അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നത്.

ജനകീയവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ സഭയില്‍ അവസരമൊരുക്കുന്നില്ല. സഭയുടെ സുഗമമായ നടത്തിപ്പിന് സര്‍ക്കാര്‍തന്നെ തടസ്സം നില്‍ക്കുന്നതാണ് കുറെക്കാലമായുള്ള അനുഭവം.ഈ സാഹചര്യത്തില്‍ നിലവിലുള്ള സഭയിലെ അംഗബലം മാറ്റുരയ്ക്കുന്നതിനേക്കാള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനാണ് അവിശ്വാസപ്രമേയംവഴി ഉദ്ദേശിക്കുന്നതെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും ലോക്സഭാ ഉപനേതാവുമായ മുഹമ്മദ് സലിം പറഞ്ഞു.

534 അംഗ സഭയില്‍ 312 അംഗങ്ങളുടെ വ്യക്തമായ മുന്‍തൂക്കം ഭരണകക്ഷിയായ എന്‍.ഡി.എ.യ്ക്കുള്ളതിനാല്‍ അവിശ്വാസം പാസാകാനിടയില്ല. അവിശ്വാസപ്രമേയ ചര്‍ച്ച സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം അവതരിപ്പിക്കാനുള്ള അവസരമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചത്.

ആള്‍ക്കൂട്ട ആക്രമണം, നോട്ട് അസാധുവാക്കല്‍, ജിഎസ്ടി എന്നിവയ്ക്കു ശേഷമുള്ള ആശയക്കുഴപ്പം, കാര്‍ഷികമേഖലയിലെ തിരിച്ചടി, റാഫേല്‍ അഴിമതി തുടങ്ങിയ വിഷയങ്ങള്‍ രാഹുല്‍ ഗാന്ധി ആയുധമാക്കും.

2003ല്‍ അന്നത്തെ വാജ്‌പേയ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിനു ശേഷം കേന്ദ്രസര്‍ക്കാര്‍ നേരിടുന്ന ആദ്യ അവിശ്വാസ പ്രമേയമാണിത്.ഫലത്തില്‍ ബിജെപിക്കെതിരേയുള്ള അവിശ്വാസ പ്രമേയം വിജയിക്കണമെങ്കില്‍ പാര്‍ലമെന്റിലെ ബിജെപി ഇതര പാര്‍ട്ടികളെല്ലാം അവിശ്വാസത്തെ പിന്തുണക്കേണ്ടിവരും.


Story by
Read More >>