യുകെ എംപി, പാക് പ്രതിനിധി, തിരിച്ചയക്കേണ്ടതു തന്നെ; കേന്ദ്ര നടപടിയെ പിന്തുണച്ച് കോൺ​ഗ്രസ് നേതാവ് അഭിഷേക് സിങ്‌വി

വിഷയത്തിൽ കേന്ദ്ര സർക്കാറിനെ എതിർത്തുകൊണ്ടായിരുന്നു കോൺ​ഗ്രസ് എംപിയായ ശശി തരൂർ രം​ഗത്തെത്തിയത്. സർക്കാറിൻെറ പ്രവർത്തി ജനാധിപത്യത്തിന് നിരക്കുന്നല്ല എന്നായിരുന്നു തരൂരിൻെറ പ്രതികരണം.

യുകെ എംപി, പാക് പ്രതിനിധി, തിരിച്ചയക്കേണ്ടതു തന്നെ;  കേന്ദ്ര നടപടിയെ പിന്തുണച്ച് കോൺ​ഗ്രസ് നേതാവ് അഭിഷേക് സിങ്‌വി

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ വിമര്‍ശിച്ച ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ഡെബ്ബി അബ്രഹാംസിനെ കേന്ദ്ര സർക്കാർ തിരിച്ചയച്ചതിനെ പിന്തുണച്ച് കോൺ​ഗ്രസ് നേതാവും രാജ്യ സഭ അം​ഗവുമായ അഭിഷേക് സിങ്‌വി. ഡെബി അബ്രഹാംസിനെ തിരിച്ചയക്കേണ്ടത് അനിവാര്യമായിരുന്നുവെന്നും ആവർക്ക് പാക് സർക്കാറുമായും ഐ‌എസ്‌ഐയുമായും ബന്ധമുണ്ടായിരുന്നുവെന്നാണ് അഭിഷേക് സിങ്‌വി പറയുന്നത്.

ട്വിറ്ററിലൂടെയാണ് കേന്ദ്ര സർക്കാർ നടപടിയെ പിന്തുണച്ച് കോൺ​ഗ്രസ് നേതാവ് രം​ഗത്തു വന്നത്. 'ഡെബി അബ്രഹാംസിനെ ഇന്ത്യ നാടുകടത്തേണ്ടത് തീർച്ചയായും അനിവാര്യമായിരുന്നു, കാരണം അവർ ഒരു എം‌പി മാത്രമല്ല, പാക് സർക്കാരുമായും ഐ‌എസ്‌ഐയുമായും ഉള്ള ബന്ധത്തിന് പേരുകേട്ട ഒരു പാക് പ്രതിനിധികൂടിയാണ്. ഇന്ത്യയുടെ പരമാധികാരത്തെ ആക്രമിക്കാൻ ശ്രമിക്കുന്ന എല്ലാ ശ്രമങ്ങളും പരാജയപ്പെടണം'- അഭിഷേക് സിങ്‌വി കുറിച്ചു.

എന്നാൽ വിഷയത്തിൽ കേന്ദ്ര സർക്കാറിനെ എതിർത്തുകൊണ്ടായിരുന്നു കോൺ​ഗ്രസ് എംപിയായ ശശി തരൂർ രം​ഗത്തെത്തിയത്. സർക്കാറിൻെറ പ്രവർത്തി ജനാധിപത്യത്തിന് നിരക്കുന്നല്ല എന്നായിരുന്നു തരൂരിൻെറ പ്രതികരണം.'എന്തിനാണ് സര്‍ക്കാര്‍ വിമര്‍ശകരെ ഭയപ്പെടുന്നത് എന്ന് തരൂര്‍ ചോദിച്ചു. ഇത് ജനാധിപത്യത്തിന് നിരക്കുന്നല്ല. കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണ് എന്ന് സര്‍ക്കാര്‍ പറയുന്നു. എന്നിട്ടും എന്തിനാണ് അനുമതി നിഷേധിച്ചത്?' - തരൂര്‍ ചോദിച്ചു.

2011 മുതല്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗമായ ഡെബ്ബി സ്വകാര്യ ആവശ്യത്തിന് വേണ്ടിയായിരുന്നു രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയിരുന്നത്. എന്നാല്‍ ഡെബ്ബിക്ക് അനുവദിച്ചിരുന്ന ഇ-വിസ റദ്ദാക്കിയ കേന്ദ്ര സർക്കാർ അവരെ തിരിച്ചയക്കുകയായിരുന്നു. ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമയ ഡെബി അബ്രഹാംസ്, കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് രൂപീകരിച്ച പാര്‍ലമെന്ററി ഗ്രൂപ്പിന്റെ അദ്ധ്യക്ഷകൂടിയാണ്.

കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ക്ക് ഡെബ്ബി കത്തെഴുതിയിരുന്നു. സര്‍ക്കാറിന്റെ നടപടി ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുന്നതാണെന്നായിരുന്നു അവരുടെ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

Next Story
Read More >>