സിആര്‍പിഎഫ് വാഹനം കയറ്റി ഒരാള്‍ കൊല്ലപ്പെട്ട സംഭവം; ഡ്രൈവര്‍ക്കെതിരെ കേസ്

Published On: 2018-06-02 12:30:00.0
സിആര്‍പിഎഫ് വാഹനം കയറ്റി ഒരാള്‍ കൊല്ലപ്പെട്ട സംഭവം; ഡ്രൈവര്‍ക്കെതിരെ കേസ്

ശ്രീനഗര്‍: കശ്മീരില്‍ സൈന്യത്തിന്റെ വാഹനം കയറി ഒരാള്‍ മരിച്ച സംഭവത്തില്‍ സിആര്‍പിഎഫ് ഡ്രൈവര്‍ക്ക് എതിരെ കേസെടുത്തു. കശ്മീര്‍ പൊലീസാണ് സിആര്‍പിഎഫ് ശ്രീനഗര്‍ യൂണിറ്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 307, 148, 279, 149, 152, 336, 427 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു.

ശ്രീനഗറിലെ നൗഹട്ട മേഖലയില്‍ പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെ സിആര്‍പിഎഫ് നടത്തിയ മുന്നേറ്റത്തിലാണ് സൈന്യത്തിന്റെ വാഹനം ജനക്കൂട്ടത്തിലേക്ക് ഓടിച്ച് കയറ്റിയത്. പ്രതിഷേധക്കാര്‍ സൈന്യത്തിന്റെ വാഹനത്തിന് നേരെ കല്ലെറിഞ്ഞു. ഇതിനിടെയാണ് വാഹനമിടിച്ച് ഒരാള്‍ കൊല്ലപ്പെട്ടത്.

കശ്മീരിലെ സമാധാന ശ്രമങ്ങള്‍ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പ്രദേശം സന്ദര്‍ശിക്കാനിരിക്കെയാണ് ഈ സംഭവം. റംസാന്‍ പ്രമാണിച്ച് കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ ക്രൂരകൃത്യത്തിനെതിരെ നടപടി സ്വീകരിക്കാത്തതിന് കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള രംഗത്തെത്തി. വെടിനിര്‍ത്തലായതിനാലാണ് സൈന്യം തോക്ക് ഉപയോഗിക്കാതെ ജീപ്പ് ഉപയോഗിച്ച് നരഹത്യ നടത്തിയതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

Top Stories
Share it
Top