കക്കൂസില്ലെങ്കില്‍ അരിയില്ല കിരണ്‍ ബേദിയുടെ വിവാദ പരാമര്‍ശനത്തിനെതിരെ മുഖ്യമന്ത്രി

Published On: 2018-04-29 04:45:00.0
കക്കൂസില്ലെങ്കില്‍ അരിയില്ല കിരണ്‍ ബേദിയുടെ വിവാദ പരാമര്‍ശനത്തിനെതിരെ മുഖ്യമന്ത്രി

പുതുച്ചേരി: ഗ്രാമങ്ങളില്‍ തുറന്ന സ്ഥലത്ത് വിസര്‍ജ്ജിക്കുന്നത് പൂര്‍ണ്ണമായും അവസാനിപ്പിച്ചില്ലെങ്കില്‍ സൗജന്യ അരി നല്‍കില്ലെന്ന പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ പരാമര്‍ശനത്തിനെതിരെ മുഖ്യമന്ത്രി വി. നാരായണ സാമി. ഗ്രാമങ്ങളില്‍ തുറസായ ഇടങ്ങളില്‍ വിസര്‍ജിക്കുന്നത് മെയ് 31 -നകം അവസാനിപ്പിക്കണമെന്നാണ് കിരണ്‍ ബേദിയുടെ ഉത്തരവ്. അല്ലെങ്കില്‍, സൗജന്യമായി നല്‍കിവരുന്ന അരി നിര്‍ത്തിവെയ്ക്കും.

അതെസമയം, സൗജന്യ അരിവിതരണത്തെ പറ്റി കിരണ്‍ ബേദിക്ക് യാതൊരു ധാരണയുമില്ലെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സാമി പ്രതികരിച്ചു. ''അവര്‍ക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ല. സൗജന്യ അരിവിതരണം തടയുന്നത് ദേശീയ ഭക്ഷ്യ സുരക്ഷാനിയമത്തിനെതിരാണ്.'' ''75 ശതമാനം ഗ്രാമീണര്‍ക്ക് സൗജന്യ അരി നല്‍കുന്നത് ഉറപ്പ് വരുത്തുന്നതിന് 2013 ല്‍ ഉണ്ടാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അരി നല്‍കുന്നത്. അത് തടയുന്ന തരത്തിലുളള ഉത്തരവിടാന്‍ അവര്‍ക്കാവില്ല. മുമ്പ് സൗജന്യ അരിവിതരണം സംമ്പന്ധിച്ച് നിരവധി ഫയലുകള്‍ അവര്‍ മടക്കിയിട്ടുണ്ട്. കര്‍ഷകര്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍, ശാരീരിക-മാനസിക വെല്ലുവിളികള്‍ അനുഭവിക്കുന്നവര്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ എന്നിവരാണ് സൗജന്യ അരിയുടെ ഗുണഭോക്താക്കാള്‍ അത് തടഞ്ഞാല്‍ അതിന്റെ പ്രത്യാഘാതം ബേദി അനുഭവിക്കേണ്ടി വരും'' നാരായണ സാമി ബേദിക്ക് മുന്നറിയിപ്പ് നല്‍കി.

ദരിദ്ര രേഖക്കു താഴെയുളളവര്‍ക്ക് 20 കിലോയും മുകളില്‍ ഉളളവര്‍ക്ക് 10 കിലോ അരിയുമാണ് പുതുച്ചേരിയില്‍ സൗജന്യ റേഷനായി നല്‍കി വരുന്നത്. വാട്‌സ് ആപ്പിലും ട്വിറ്ററിലുമാണ് ബേദി തന്റെ ഉത്തരവ് പ്രചരിപ്പിച്ചത്. എം.എല്‍.എമാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ബേദി സന്ദേശം അയച്ചിരുന്നു.

സന്ദേശം ഇങ്ങനെ:

''ഗ്രാമങ്ങളില്‍ തുറസായ ഇടങ്ങളില്‍ വിസര്‍ജനം പൂര്‍ണ്ണമായും നിര്‍ത്തുകയും പ്ലാസ്റ്റിക് മാലിന്യം ശുദ്ധീകരിക്കുകയും ചെയ്ത സര്‍ട്ടീഫിക്കേറ്റ് നല്‍കിയാല്‍ മാത്രമേ സൗജന്യ അരി ലഭിക്കുകയുളളൂ. അതിനായി വില്ലേജ്ജ ശുദ്ധീകരിച്ചതായി ഉറപ്പ് വരുത്തി എം.എല്‍.എമാരും സിവില്‍ സപ്ലൈ ഉദ്യോഗസ്ഥരും സര്‍ട്ടീഫിക്കേറ്റ് നല്‍കും.''

സര്‍ട്ടീഫിക്കേറ്റ് നല്‍കുന്നത് വരെ അരി അടച്ചുറപ്പുളള ഗോഡൗണില്‍ സൂക്ഷിക്കുമെന്നും അവര്‍ സന്ദേശത്തില്‍ കൂട്ടി ചേര്‍ത്തു. ബേദി ഒടുവില്‍ ഇത് സംമ്പന്ധിച്ച് ചിഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു. എന്നാല്‍ മുഖ്യമന്ത്രി നാരായണസാമിയുട പ്രതികരണ വന്നതോട് തന്റെ പരാമര്‍ശത്തെ വിശദീകരിച്ചുകൊണ്ട് കിരണ്‍ ബേദി രംഗത്തെത്തി. ദരിദ്രര്‍ക്ക് അരി നിഷേധിക്കുകയെന്ന് താന്‍ ഉദ്ദേശിച്ചിട്ടില്ല. തെറ്റിദ്ധാരണ പരത്താന്‍ ഇടവെന്നതിനാല്‍ നേരത്തെ നടത്തിയ സന്ദേശം പിന്‍വലിക്കുന്നതായി കിരണ്‍ ബേദി അറിയിച്ചു.

Top Stories
Share it
Top