യുവതിയെ പീഡിപ്പിച്ച്​ നഗ്​നചിത്രങ്ങളെടുത്ത ഒല ഡ്രൈവർ അറസ്​റ്റിൽ

Published On: 2018-06-05 14:15:00.0
യുവതിയെ പീഡിപ്പിച്ച്​ നഗ്​നചിത്രങ്ങളെടുത്ത ഒല ഡ്രൈവർ അറസ്​റ്റിൽ

ബംഗളൂരു: എയർപോർട്ടിലേക്ക് ടാക്സിയിൽ യാത്ര ചെയ്ത യുവതിയെ പീഡിപ്പിച്ച് ന​ഗ്ന ചിത്രങ്ങളെടുത്ത ഒല ഡ്രൈവർ അറസ്റ്റിൽ. ബംഗളൂരു എയർപോർട്ടിലേക്കുള്ള യാത്രക്കിടെയാണ്​ 26കാരിയായ യുവതിക്ക്​ ഡ്രൈവറിൽ നിന്ന്​ ദുരനുഭവമുണ്ടായത്​. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്​ ഡ്രൈവറെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

ജൂൺ ഒന്നിന്​ ബംഗളൂരുവിൽ നിന്ന്​ മുംബൈയിലേക്കുള്ള വിമാന യാത്രക്കായി എയർപോർട്ടിലേക്ക് പോകാനാണ് യുവതി അതിരാവിലെ ഒല ടാക്​സി വിളിച്ചത്​. യാത്രക്കിടെ ടാക്​സി ഡ്രൈവർ വഴിമാറി വാഹനമോടിച്ചത്​ യുവതി ചോദ്യം ചെയ്​തുവെങ്കിലും എളുപ്പത്തിലുള്ള വഴി ഇതെന്നായിരുന്നു ഡ്രൈവറുടെ മറുപടി. പിന്നീട്​ വിജനമായ സ്ഥലത്തെത്തിയപ്പോൾ യുവതിയെ പീഡിപ്പിക്കുകയും നഗ്​ന ചിത്രങ്ങൾ എടുക്കുകയുമായിരുന്നു. പ്രതികരിച്ച യുവതിയോട് കൊന്നുകളയുമെന്ന് പ്രതി ഭീഷണി മുഴക്കി. യുവതിയെ എയര്‍പോര്‍ട്ടില്‍ വിട്ട ശേഷവും ഡ്രൈവർ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.

യുവതി മാതാപിതാക്കളുടെ അനുവാദത്തോടെ ബംഗളുരു പൊലീസ് കമ്മീഷണര്‍ക്ക് ഇമെയില്‍ മുഖേനെ പരാതി അയച്ചു. പരാതി കിട്ടിയ ഉടനെ പ്രതിയെ കസ്റ്റഡിയിലെടുത്തെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ് പറഞ്ഞു.

പീഡനത്തിന് ഇരയായ യുവതി വളരെ ധൈര്യമുള്ള സ്ത്രീയായതിനാലാണ് അവര്‍ പൊലീസിനെ സമീപിച്ചത്. പ്രതിക്കെതിരെ ലൈംഗിക പീഡനത്തിനും കൊലപാതക ശ്രമത്തിനും കേസെടുത്തു. തിങ്കളാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച തിരിച്ചറിയല്‍ പരേഡ് നടത്തുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

പൊലീസ്​ വെരിഫിക്കേഷൻ ഇല്ലാത്ത ഡ്രൈവറെ നിയമിച്ചതിന്​ ഒലയോടും ബംഗളൂരു പൊലീസ്​ വിശദീകരണം തേടിയിട്ടുണ്ട്​.

Top Stories
Share it
Top