വകുപ്പ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസുമായി ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കുമാരസ്വാമി

Published On: 26 May 2018 3:30 PM GMT
വകുപ്പ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസുമായി ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കുമാരസ്വാമി

ബംഗളൂരു: വകുപ്പ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസുമായി ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. എന്നാല്‍ ഇത് സര്‍ക്കാരിനെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് കുമാരസ്വാമി പറഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം കിട്ടേണ്ടതുണ്ട്. അതിന് ശേഷം മാത്രമെ മന്ത്രിസഭാ വികസനം സാധ്യമാവുകയുള്ളുവെന്നും കുമാരസ്വാമി വ്യക്തമാക്കി.

അതേസമയം, വകുപ്പുകള്‍ സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇതിന് മുമ്പ് കുമാരസ്വാമി നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയുമായും കര്‍ണാടകത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാലുമായും ചര്‍ച്ച നടത്തിയിരുന്നു. നിലവിലെ സ്ഥിതി അനുസരിച്ച് കോണ്‍ഗ്രസിന് 22 മന്ത്രിമാരും ജെ.ഡി.എസിന് 12 മന്ത്രിമാരെയുമാണ് ലഭിക്കാന്‍ സാധ്യത.

കര്‍ണാടക സര്‍ക്കാരിലെ കോണ്‍ഗ്രസ് പങ്കാളിത്തത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും കര്‍ണാടകയുടെ ചുമതയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഇന്നു ഡല്‍ഹിയിലെത്തിയിരുന്നു. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി പരമേശ്വര, കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്കു പോയത്.

Top Stories
Share it
Top