ഒരു വര്‍ഷം ഒരുതെരഞ്ഞടുപ്പ്‌, ഒറ്റതെരഞ്ഞടുപ്പിന് ബദലുമായി തെരഞ്ഞടുപ്പ്‌ കമ്മീഷന്‍

Published On: 2018-05-24 12:15:00.0
ഒരു വര്‍ഷം ഒരുതെരഞ്ഞടുപ്പ്‌, ഒറ്റതെരഞ്ഞടുപ്പിന് ബദലുമായി തെരഞ്ഞടുപ്പ്‌ കമ്മീഷന്‍

ന്യൂഡല്‍ഹി: നിയമസഭ – ലോക്സഭ തെരഞ്ഞടുപ്പുകൾ ഒരുമിച്ചു നടത്തുന്നതിനു പകരം ‘ഒരു വർഷം ഒരൊറ്റ തെരഞ്ഞടുപ്പ്’ എന്ന ബദൽ രീതിക്കു തെരഞ്ഞടുപ്പു കമ്മിഷന്റെ നിര്‍ദേശം. ലോക്സഭതെരഞ്ഞടുപ്പിനൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭകളിലേക്കുമുള്ള തെരഞ്ഞടുപ്പും നടത്തുന്നതിനെപ്പറ്റി തെരഞ്ഞടുപ്പ് കമ്മിഷന്റെ അഭിപ്രായം ദേശീയ നിയമ കമ്മിഷൻ ആരാഞ്ഞിരുന്നു. ഇതിനു നൽകിയ മറുപടിയിലാണു പുതിയ നിര്‍ദേശം കമ്മിഷൻ മുന്നോട്ടുവച്ചത്.

തെരഞ്ഞടുപ്പ് ഒരുമിച്ച് നടത്തുമ്പോഴുള്ള അഞ്ച് ഭരണഘടനാ പ്രശ്‌നങ്ങള്‍, 14 സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് നിയമ കമ്മീഷന്‍ തെരഞ്ഞടുപ്പ് കമ്മീഷന്റെ അഭിപ്രായം ചോദിച്ചിട്ടുണ്ട്. നിയമ, സാമ്പത്തിക വെല്ലുവിളികള്‍ മറികടക്കാന്‍ സാധിച്ചാല്‍ ഒരേസമയം വോട്ടെടുപ്പ് നടത്തുന്നതിനുള്ള പിന്തുണ തെരഞ്ഞടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ചു. ഒരു വര്‍ഷത്തിനിടയിലുള്ള എല്ലാ തെരഞ്ഞടുപ്പുകളും ഒരുമിച്ച് നടത്താമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

ഓരോ സംസ്ഥാനങ്ങളിലും കാലാവധി തീരുന്നതിനനുസരിച്ചു തെരഞ്ഞടുപ്പു നടത്തുകയെന്നതാണു നിലവിലെ രീതി. കാലാവധി തീർന്ന് ആറു മാസത്തിനകം തെരഞ്ഞടുപ്പു നടത്തണമെന്നാണു ജനപ്രാതിനിധ്യ നിയമത്തിലെ പതിനഞ്ചാം വകുപ്പ് അനുശാസിക്കുന്നത്. എന്നാൽ ഇതിൽ മാറ്റം വരുത്തി ഒരു വർഷം കാലാവധി തീരുന്ന എല്ലാ നിയമസഭകളിലേക്കും ഒരുമിച്ചു തിരഞ്ഞെടുപ്പു നടത്താനാകുമെന്നാണു കമ്മിഷൻ നിർദേശം.

ഒരു വര്‍ഷം ഒരു തിരഞ്ഞെടുപ്പ് എന്ന രീതി നടപ്പിലാക്കാന്‍ എളുപ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ - നിയമസഭാ തെരഞ്ഞടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ അഞ്ച് നിയമ ഭേദഗതികള്‍ ആവശ്യമാണ്. എന്നാല്‍ ഒരു വര്‍ഷം ഒരു തിരഞ്ഞെടുപ്പ് രീതി നടപ്പാക്കാന്‍ ഇതാവശ്യമില്ല.

Top Stories
Share it
Top