ഓക്‌സിടോസിൻ നിരോധം അശാസ്ത്രീയം; മാതൃമരണ നിരക്ക് കൂടും 

കോഴിക്കോട്: പ്രസവാനന്തരം സ്ത്രീകളിലുണ്ടാകുന്ന കടുത്ത രക്തസ്രാവം തടയാനും മാതൃ മരണം ഒഴിവാക്കാനും വ്യാപകമായി ഉപയോഗിക്കുന്ന ഓക്സിടോസിൻ ഹോർമോൺ ഇൻജക്ഷന്റെ...

ഓക്‌സിടോസിൻ നിരോധം അശാസ്ത്രീയം; മാതൃമരണ നിരക്ക് കൂടും 

കോഴിക്കോട്: പ്രസവാനന്തരം സ്ത്രീകളിലുണ്ടാകുന്ന കടുത്ത രക്തസ്രാവം തടയാനും മാതൃ മരണം ഒഴിവാക്കാനും വ്യാപകമായി ഉപയോഗിക്കുന്ന ഓക്സിടോസിൻ ഹോർമോൺ ഇൻജക്ഷന്റെ ഉത്പാദനവും ഉപയോഗവും നിയന്ത്രിക്കാനും നിരോധിക്കാനുമുള്ള കേന്ദ്ര സർക്കാർ തീരുമാനം ഇന്ത്യയിലെ മാതൃമരണ നിരക്ക് വർധിക്കാൻ ഇടയാക്കുമെന്ന് ആശങ്ക ഉയർന്നു. സർക്കാർ തീരുമാനം വേണ്ടത്ര ആസൂത്രണവും ആലോചനയും ഇല്ലാതെയാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തു വന്നു. നോട്ട് നിരോധനം പോലെ ധൃതിപിടിച്ചെടുത്ത തീരുമാനമാണിതെന്ന് ആരോപണമുയർന്നിട്ടുണ്ട്.

2016 ഏപ്രിലിലെ ഹിമാചൽ പ്രദേശ് ഹൈകോടതിയുടെ വിധിയെ ആസ്പദമാക്കിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓക്സിടോസിൻ ഉപയോഗം നിയന്ത്രിക്കാനും സ്വകാര്യ ഉത്പാദനവും വിതരണവും നിരോധിക്കാനും തീരുമാനിച്ചത്. വിധിയിൽ നിരോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നില്ല. പശുക്കളിൽ പാൽ ഉത്പാദനം വർധിപ്പിക്കാനും വത്തക്കപോലെയുള്ള പച്ചക്കറികളിൽ ഉപയോഗിക്കാനും മരുന്ന് ദുരുപയോഗം ചെയ്യുന്നു എന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു കോടതി ഇടപെടൽ. ഉത്പാദനം സർക്കാർ ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കണമെന്നതായിരുന്നു കോടതിയുടെ നിർദ്ദേശം. ഇതേ തുടർന്ന് ബീഹാറിലും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നടത്തിയ റെയ്‌ഡിൽ ഓക്സിടോസിൻ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തുകയുണ്ടായി.

2018 ഏപ്രിൽ 5 ന് ഇറങ്ങിയ ഉത്തരവിൽ ഓക്സിടോസിൻ ഇറക്കുമതി നിരോധിച്ചതായികേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു . ജൂൺ 27 ന് ആരോഗ്യ മന്ത്രാലയം ഇറക്കിയ മറ്റൊരു ഉത്തരവിൽ ബാംഗ്ലൂരിലെ പൊതുമേഖലാ സ്ഥാപനമായ കർണാടക ആൻറ്റി ബയോട്ടിക്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ എ പി എൽ )മാത്രമേ മരുന്ന് ഉത്പാദിപ്പിക്കാൻ പാടുള്ളൂ എന്നും ഇതര കമ്പനികളുടെ മരുന്ന് ജൂലൈ ഒന്ന് മുതൽ നിരോധിച്ചതായും പ്രഖ്യാപിച്ചു . എന്നാൽ കെ എ പി എൽ മരുന്ന് ഉത്പാദനം തുടങ്ങിയിരുന്നില്ല. നിരോധനം പ്രഖ്യാപിക്കുമ്പോൾ സർക്കാരിന്റെയോ ആരോഗ്യ വകുപ്പിന്റെയോ ശേഖരത്തിൽ ഒരു വയൽ മരുന്നുപോലും ഉണ്ടായിരുന്നില്ല. ജൂലൈ രണ്ടിനാണു കെ.എ.പി.എൽ ഉദ്പാദനം ആരംഭിച്ചതെന്ന് കമ്പനിയുടെ കത്തിൽ പറയുന്നു. ഇത് ഇന്ത്യയിൽ എല്ലായിടത്തുമെത്തിക്കാൻ എത്ര കാലമെടുക്കുമെന്നു കമ്പനിയോ സർക്കാരോ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും ആവശ്യത്തിന് മരുന്ന് എത്തിക്കാൻ മാസങ്ങളെടുക്കുമെന്ന തിരിച്ചറിവിനെ തുടർന്ന് നിരോധനം സെപ്റ്റംബർ ഒന്ന് വരെ സ്റ്റേ ചെയ്തിട്ടുണ്ട്. പൂർണ സമയവും നിശ്ചിത ഊഷ്മാവിൽ സൂക്ഷിക്കേണ്ട (കോൾഡ് ചെയിൻ ) മരുന്നാണിത്. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി പോലും എത്താത്ത രാജ്യത്ത് ഗ്രാങ്ങളിൽ മരുന്ന് എങ്ങിനെ നിശ്ചിത ഊഷ്മാവിൽ സൂക്ഷിക്കുമെന്ന പ്രശ്നവും അവശേഷിക്കുന്നു.

ജീവൻ രക്ഷ ഔഷധത്തിനു നിയന്ത്രണം വരുന്നത് കേരളത്തിലെ മാതൃമരണ നിരക്ക് ഉയരാൻ കാരണമായേക്കുമെന്ന് ആശങ്കയുള്ളതായി കേരള ഫെഡറേഷൻ ഓഫ് ഗൈനക്കോളജിസ്റ് സംസ്ഥാന നേതൃത്വം കേരള സർക്കാരിനും കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറിക്കും കത്തു നൽകിയിട്ടുണ്ട്. ഇതിനു മറുപടിയൊന്നും ലഭിച്ചിട്ടില്ല.മാതൃമരണ നിരക്ക് കുറയ്ക്കുന്നതിനായി ലോകാരോഗ്യ സംഘടന നിർദേശിച്ച ഔഷധമാണ് ഓക്‌സിടോസിൻ എന്നും ഇതിന്റെ ലഭ്യതക്കു തടസ്സം വന്നാൽ മാതൃമരണ നിരക്ക് ഉയരാൻ സാധ്യത കൂടുതലാണെന്നും സംഘടനയുടെ സംസ്ഥാ അധ്യക്ഷ ഡോ. പ്രസന്ന തത്സമയത്തോട് പറഞ്ഞു. ഉത്പ്പാദനം ഒരു പൊതു മേഖല കമ്പനിയിൽ മാത്രമൊതുക്കുന്നതിനു പകരം രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിൽ ഉത്പാദനം തുടങ്ങുകയാണ് പരിഹാരം. ഏറ്റവും സുരക്ഷിതവും വില കുറഞ്ഞതുമായ ഔഷധമാണ് ഓക്‌സിടോസിൻ. മാതൃമരണ നിരക്ക് ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം .. മരുന്ന് ലഭിക്കാതെ രക്തസ്രാവം കൊണ്ട് രോഗിക്ക് അപകടം സംഭവിച്ചാൽ വലിയ സംഘർഷങ്ങൾക്ക് കാരണമാകും. അതിനാൽ മരുന്നിന്റെ ഉപയോഗവും ഉത്പ്പാദനവും നിയന്ത്രിക്കാനുള്ള തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ഗുണനിലവാരം കൂടിയ ഓക്സിടോസിന്റെ ലഭ്യത ഉറപ്പു വരുത്താൻ സർക്കാരിന് കഴിയണമെന്നും അല്ലാതെയുള്ള തീരുമാനം അപകടകരമാണെന്നുംആരോഗ്യ പ്രവർത്തകൻ കൂടിയായ ഡോ. കെ വി ബാബു പറഞ്ഞു. പ്രസവാനന്തരമുള്ള രക്തസ്രാവം തടയാൻ ഫലപ്രദമായി ഉപയോഗിക്കുന്ന ഓക്‌സിടോസിൻ നിരോധിക്കുന്നതും നിയന്ത്രിക്കുന്നതും അപകടമാണെന്ന് ഫറോക്ക് ക്രസന്റ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ് ഡോ. ഇന്ദിരയും പറയുന്നു. ഇതിനു പകരമായി കൊടുക്കാവുന്ന പലമരുന്നുകളും ഹൃദ്രോഗം, രക്ത സമ്മർദ്ദം, ശ്വാസം മുട്ടൽ തുടങ്ങിയ രോഗമുള്ളവർക് നൽകാൻ പാടില്ലാത്തതാണ്. ഒരു ഗർഭിണി രക്ത സ്രവത്തെ തുടർന്ന് മരിച്ചാൽ ബന്ധുക്കൾ ആശുപത്രിയെയും ഡോക്ടരെയുമാണ് കുറ്റം പറയുക. ഈ അവസ്ഥ തടയേണ്ടതുണ്ട് എന്നും അവർ പറഞ്ഞു.

ഇന്ത്യയിലെ 236004 ഗ്രാമങ്ങളിലെ ജനസംഖ്യ 500 താഴെ മാത്രമാണ്. ഇവിടങ്ങളിൽ മിക്കതിലും വൈദ്യുതി പോയിട്ട് ഒരു വികസനവും എത്തിയിട്ടില്ല. 31 ദശലക്ഷം വീടുകൾ ഇപ്പോഴും വൈദ്യുതി എത്താതെ ഇരുട്ടിൽ കഴിയുന്നവയാണ്. അങ്ങിനെ ഒരിന്ത്യയിൽ ശീതീകരിച്ചു സൂക്ഷിക്കേണ്ട ഔഷധങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ അത് വലിയ ദുരന്തമാകും.

Story by
Read More >>