ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മൂന്നു ടയറും പഞ്ചറായ കാറുപോലെ കേന്ദ്രത്തിനെതിരെ പി. ചിദംബരം

Published On: 2018-06-04 03:00:00.0
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മൂന്നു ടയറും പഞ്ചറായ കാറുപോലെ കേന്ദ്രത്തിനെതിരെ പി. ചിദംബരം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി പി ചിദംബരം. മൂന്ന് ടയറും പഞ്ചറായ കാറിനെപോലെയാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു.

സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയിലെ നാല് എഞ്ചിനുകളാണ് സ്വകാര്യ നിക്ഷേപം, സ്വകാര്യ ഉപഭോഗം, കയറ്റുമതി, സര്‍ക്കാര്‍ ചിലവുകള്‍ എന്നിവ. കാറിന്റെ ടയറുകള്‍ പോലെയാണ് ഇവ. ഇവയില്‍ ഒന്നോ രണ്ടോ പഞ്ചറായാല്‍ വളര്‍ച്ചയെ ബാധിക്കും. നമ്മുടെ ഇപ്പോഴത്തെ അവസ്ഥ മൂന്നും പഞ്ചറായപോലെയാണ്. സര്‍ക്കാരിന്റെ ചെലവുകള്‍ ആരോഗ്യമേഖലയിലും മറ്റു ചില മേഖലയിലും മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. ഇത് മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ ഇന്ധനവിലയില്‍ വര്‍ധന വരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ ധനവിനിയോഗം മാത്രമാണ് ഇപ്പോള്‍ ഇന്ത്യൻ സമ്പദ് രംഗത്തെ താങ്ങി നിര്‍ത്തുന്നത്. ആരോഗ്യ രംഗത്തും പൊതു സൗകര്യങ്ങള്‍ ഒരുക്കുന്നതിലും മാത്രമാണ് സര്‍ക്കാര്‍ പണം ചെലവഴിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ധനവിനിയോ​ഗം ഇതുപോലെ തുടരുകയാണെങ്കില്‍ പെട്രോളിനും ഡീസലിനും പുറമേ എല്‍പിജിക്കും കൂടിയ നികുതി ഈടാക്കിക്കൊണ്ടേയിരിക്കും. ഇത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്നും ചിദംബരം അഭിപ്രായപ്പെട്ടു. ഊര്‍ജരംഗത്ത് അടുത്തകാലത്ത് എന്തെങ്കിലും നിക്ഷേപം വന്നതായി കണ്ടിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ചരക്കുസേവന നികുതി നടപ്പിലാക്കിയ രീതിയേയും ചിദംബരം വിമർശിച്ചു.

Top Stories
Share it
Top