പാക് ഷെല്ലാക്രമണം; സൈനികനടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

Published On: 18 May 2018 2:30 PM GMT
പാക് ഷെല്ലാക്രമണം; സൈനികനടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

ശ്രീനഗര്‍: പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. ആര്‍.എസ് പുര, അര്‍ണിയ, ബിഷ്‌ന സെക്ടറുകളില്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് ബി.എസ്.എഫ് ജവാനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടത്. ​ഗുരുതരമായി പരിക്കേറ്റ സീതാറാം ഉപാധ്യായ എന്ന ബി.എസ്.എഫ് ജവാനെ ജമ്മുവിലെ ജി എം സി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.


കൊല്ലപ്പെട്ട മറ്റ് നാല് പേര്‍ പ്രദേശവാസികളാണ്. ഇതില്‍ ഒരാള്‍ 45 വയസ്സുകാരിയാണ്. ബി.എസ്.എഫ് സബ് ഇന്‍സ്‌പെക്ടറടക്കം പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. പാകിസ്താൻ വെള്ളിയാഴ്ച മുതൽ പ്രദേശത്ത് ശക്തമായ ഷെല്ലാക്രമണം നടത്തുകയാണ്. നാളെ പ്രധാനമന്ത്രി ജമ്മു കാശ്മീർ സന്ദർശിക്കാനിരിക്കെയാണ് പാക് ഷെല്ലാക്രമണം തുടരുന്നത്. ഷെല്ലാക്രമണം നടക്കുന്ന മേഖലയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ സൈന്യം ശ്രമം തുടരുകയാണ്. പാക്‌സേനക്കെതിരെ ഇന്ത്യന്‍ സൈന്യവും തിരിച്ചാക്രമണം നടത്തുന്നുണ്ട്.

Top Stories
Share it
Top