'എത്ര വലിയ മനുഷ്യന്‍'; മന്‍മോഹന്‍ സിങ്ങിൻെറ വിനയത്തെ പ്രശംസിച്ച് പാക് വിദേശകാര്യമന്ത്രി

1990കളില്‍ മൻമോ​ഹനുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വിനയത്തെ പ്രശംസിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉൽഘാടനവുമായി ബന്ധപ്പെട്ടുള്ള ചടങ്ങിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പാക് മന്ത്രി. 1990കളില്‍ മൻമോ​ഹനുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു.

മന്‍മോഹന്‍ സിങ്ങിന്റെ വീട് സന്ദര്‍ശിച്ചതും തുടർന്നുള്ള സംഭവങ്ങളുമാണ് അദ്ദേഹം ഓർത്തെടുത്തത്. അന്ന് സിങ്ങിന്റെ ഭാര്യ ഉണ്ടാക്കിയ ചായ താന്‍ കുടിച്ചെന്നും മന്‍മോഹന്‍ സിങ് തന്നെയായിരുന്നു അന്ന് തനിക്കായി ചായ കൊണ്ടുവന്നതെന്നും ഖുറേഷി പറഞ്ഞു.

"ഞാന്‍ നിങ്ങളുടെ വീട് സന്ദര്‍ശിച്ചു. ബീഗം അന്ന് എനിക്കായി ചായ ഉണ്ടാക്കി. മന്‍മോഹന്‍ സിങ് തന്നെ ആ ചായ എനിക്ക് കൊണ്ടുവന്നു തന്നു. തിരിച്ച് നാട്ടിലെത്തിയ ഞാന്‍ ഈ കഥ ജനങ്ങളോട് പറഞ്ഞു. എത്ര വലിയ മനുഷ്യന്‍"- ഖുറേഷി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

കര്‍ത്താര്‍പൂരിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബില്‍ ശനിയാഴ്ച പ്രാര്‍ത്ഥന നടത്താനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു മന്‍മോഹന്‍ സിങ്ങും അദ്ദേഹത്തിൻെറ ഭാര്യ ഗുര്‍ഷരണ്‍ കൗറും. പാകിസ്ഥാനിലെ നരോവാലിലുള്ള സിഖുകാരുടെ പുണ്യ ആരാധനാലം സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് അവസരം നൽകുന്ന കര്‍ത്താര്‍പൂര്‍ ഇടനാഴി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശനിയാഴ്ച ഉൽഘാടനം ചെയ്തിരുന്നു.


Read More >>