എസ്പിജി ബില്‍ ലോക് സഭ കടന്നു: ഭേദഗതി നെഹ്റു കുടുംബത്തെ മുന്നിൽ കണ്ടല്ലെന്ന് അമിത് ഷാ; കോൺഗ്രസ് പ്രതിഷേധം, ഇറങ്ങിപ്പോക്ക്
പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്ക് അടുത്തിടെ അപരിചിതര്‍ വാഹനവുമായി എത്തിയതടക്കമുള്ള പ്രശ്നം ചൂണ്ടിക്കാട്ടി എസ്പിജി ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നത്.
കോണ്‍ഗ്രസിൻെറ കനത്ത പ്രതിഷേധം മറികടന്ന് എസ്പിജി സുരക്ഷനിയമഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കി. ഭേദഗതി പ്രകാരം ഇനിമുതല്‍ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും എസ്പിജി സുരക്ഷ ലഭിക്കുക. 1988ലെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ് ഇപ്പോള്‍ പാസാക്കിയിരിക്കുന്നത്. ബില്‍ നേരത്തെ ലോക്സഭയും പാസാക്കിയിരുന്നു.
നിയമം പാസാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിയമ ഭേദഗതിയില്‍ കോണ്‍ഗ്രസ് വിശദകരണം ചോദിച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ നല്കിയ മറുപടിയില്‍ തൃപ്തരാകാതെയാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. ബിൽ ഗാന്ധി കുടുംബത്തിനെതിരായ രാഷ്ട്രീയ പകപോക്കലാണെന്നാരോപിച്ച് പാർട്ടി ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്.
ഗാന്ധി കുടുംബത്തെ മാത്രം മുന്നിൽ കണ്ടല്ല ഭേദഗതി കൊണ്ടുവന്നതെന്ന് അമിത് ഷാ സഭയിൽ പറഞ്ഞു. എന്നാൽ മുൻപത്തെ നാലു ഭേദഗതികൾ കൊണ്ടുവന്നത് ഒരു കുടുംബത്തെ മാത്രം മനസിൽ വച്ചുകൊണ്ടാണെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുമെന്നും ഷാ പറഞ്ഞു. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചു വർഷത്തിനുശേഷം വീണ്ടും അധികാരത്തിലെത്തിയില്ലെങ്കിൽ എസ്പിജി സുരക്ഷ അദ്ദേഹത്തിനും നഷ്ടമാകുമെന്നും ഷാ കൂട്ടിച്ചേർത്തു.
പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്ക് അടുത്തിടെ അപരിചിതര്‍ വാഹനവുമായി എത്തിയതടക്കമുള്ള പ്രശ്നം ചൂണ്ടിക്കാട്ടി എസ്പിജി ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നത്. എന്നാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ കേന്ദ്രം ബില്‍ രാജ്യസഭ കടത്തി. അടുത്തിടെ പ്രിയങ്ക ഗാന്ധിയുടെ ഡൽഹിയിലെ ലോധി എസ്റ്റേറ്റിലേക്ക് ആറംഗസംഘം കാറിലെത്തുകയും വീടിനകത്ത് പ്രവേശിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്നും കേന്ദ്രഅഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
മൻമോഹൻ സിങ്ങിന്റെയും മറ്റ് ഗാന്ധി ഇതര കുടുംബാംഗങ്ങളുടെയും എസ്പിജി സുരക്ഷ പിൻവലിച്ചപ്പോൾ പ്രതിഷേധിക്കാത്തതിൽ അദ്ദേഹം കോൺഗ്രസിനെ വിമർശിച്ചു. അതേസമയം കേന്ദ്ര നീക്കത്തിനെതിരെ സിപിഎം രംഗത്ത് വന്നു. സർക്കാരിന്റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കെകെ രാഗേഷ് ചോദിച്ചു. നെഹ്റു കുടുംബാംഗങ്ങൾക്ക് എസ്പിജി സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട രാഗേഷ് അവരുടെ ത്യാഗം ബഹുമാനിക്കണമെന്നും പറഞ്ഞു.