മഹാരാഷ്ട്രയിൽ പ്ലാസ്റ്റിക്കിന് ഇന്നുമുതൽ നിരോധനം

Published On: 2018-06-23 11:30:00.0
മഹാരാഷ്ട്രയിൽ പ്ലാസ്റ്റിക്കിന് ഇന്നുമുതൽ നിരോധനം

മുംബൈ: സംസ്ഥാനത്ത് പ്ലാസ്റ്റിക് ബാ​ഗുകൾക്ക് നിരോധനം നിലവിൽ വന്നു. മാർച്ചിൽ മഹാരാഷ്ട്രയിൽ പ്ലാസ്റ്റിക് കാരിബാ​ഗുകൾ, പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റുകൾ, സ്പൂൺ, ഫ്ലക്സ് എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്താൻ പരിസ്ഥിതി വകുപ്പ് തീരുമാനിച്ചിരുന്നു. നിരോധനം പ്രാബല്യത്തിലായതോടെ പ്ലാസ്റ്റിക്ക് കാരിബാഗുകൾ തുടങ്ങി 500 മില്ലിഗ്രാമിൽ കുറവ് ഭാരമുള്ള പ്ലാസ്റ്റിക്ക് കുപ്പികൾ സംസ്ഥാനത്ത് നിരോധിച്ച‌ു.

നിയമം ലംഘിക്കുന്നവർക്ക് 5000 മുതൽ 25000 രൂപ വരെ പിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ. നിരോധനത്തിൽ ചെറുകിട കച്ചവടക്കാർ ആശങ്കയിലാണ്. എന്നാൽ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ സാധാരണക്കാരെയും ചെറുകിട കച്ചവടക്കാരെയും ബുദ്ധിമുട്ടിക്കില്ലെന്ന് മന്ത്രി രാമദാസ് കദം വ്യക്തമാക്കി. പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മൊബൈൽ ആപ്പും, ഹൈൽപ്പ് ലൈൻ നമ്പറുകളും തയ്യാറാക്കിട്ടുണ്ട്. പ്ലാസ്റ്റിക്കിന് പകരമായി തുണിസഞ്ചികൾ, പേപ്പ‌ർ ബാഗുകൾ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ വേണ്ട നടപടികൾ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.

നിരോധനം നടപ്പിലാക്കാനായി മുംബൈ നഗരത്തിൽ 300 ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. കേന്ദ്രം നോട്ടുനിരോധനം പ്രഖ്യാപിച്ചതുപോലെ പെട്ടന്നുള്ള തീരുമാനമല്ല പ്ലാസ്റ്റിക് നിരോധനമെന്നും ഇതിനായി ഒമ്പതുമാസത്തെ തയ്യാറെടുപ്പ് എടുത്തിട്ടുണ്ടെന്നും യുവ സേന നേതാവ് ആതിദ്യ താക്കറെ പറഞ്ഞു.

Top Stories
Share it
Top