പ്രധാനമന്ത്രിയുടെ ആഫ്രിക്കൻ പര്യടനത്തിന് ഇന്ന് തുടക്കം

Published On: 23 July 2018 2:45 AM GMT
പ്രധാനമന്ത്രിയുടെ ആഫ്രിക്കൻ പര്യടനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചുദിവസത്തെ ത്രിരാഷ്ട്ര ആഫ്രിക്കൻ പര്യടനത്തിന് തിങ്കളാഴ്ച തുടക്കമാവും. റുവാൺഡ, യുഗാൺഡ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ 25-നു നടക്കുന്ന ബ്രിക്‌സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിയാണ് സന്ദർശനത്തിലെ മുഖ്യ അജൻഡ.

23-ന് റുവാൺഡയിലെത്തുന്ന അദ്ദേഹം തൊട്ടടുത്ത ദിവസം യുഗാൺഡയിലേക്കു പോകും. യുഗാൺഡ പ്രസിഡന്റ് യോവെയ് മുസെവേനിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-യുഗാൺഡ സംയുക്ത വ്യവസായ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും, പാർലമെന്റിനെ അഭിസംബോധന ചെയ്യും. 21-വർഷത്തിനിടെ യുഗാൺഡ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.

25-ന് അദ്ദേഹം ബ്രിക്സ് ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിലെത്തും. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമഫോസയുമായി കൂടിക്കാഴ്ച നടത്തുംബ്രിക്‌സ് സമ്മേളനത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അദ്ദേഹം ചർച്ച നടത്തും. ഈ വർഷം ഇരു നേതാക്കളും നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്.

റുവാൺഡയ്ക്ക് 200 പശുക്കൾ

റുവാൺഡ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. റുവാൺഡയ്ക്ക് സമ്മാനമായി 200 പശുക്കളെയും അദ്ദേഹം കൊണ്ടുപോകുന്നുണ്ട്. റുവേരു മാതൃകാഗ്രാമ സന്ദർശനവേളയിൽ അദ്ദേഹം പശുക്കളെ സമ്മാനിക്കും. റുവാൺഡൻ പ്രസിഡന്റ് പോൾ കഗാമെയും ഒപ്പമുണ്ടാകും. റുവാൺഡയ്ക്ക് 10 കോടി ഡോളർ (687 കോടി രൂപ) വായ്പ നൽകുന്ന പദ്ധതിയിൽ മോദി ഒപ്പിടും.

Top Stories
Share it
Top