പ്രധാനമന്ത്രിയുടെ മാനസികനില തകരാറില്‍- കോൺ​ഗ്രസ്

Published On: 2018-07-16 03:45:00.0
പ്രധാനമന്ത്രിയുടെ മാനസികനില തകരാറില്‍- കോൺ​ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മുസ്ലിം പുരുഷന്മാര്‍ക്ക് വേണ്ടിയാണെന്ന പരാമര്‍ശം അദ്ദേഹത്തിൻെറ മാനസികനില തകരാറിലായതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശർമ പറഞ്ഞു.

പ്രധാനമന്ത്രി നിരന്തരം അദ്ദേഹത്തിന്റെ ഓഫീസിന്റെ മാന്യത ഇല്ലാതാക്കുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പരാമര്‍ശത്തെ ഞങ്ങള്‍ ശക്തമായി തള്ളിക്കളയുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. സമൂഹത്തെ വിഭജിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. സ്വതന്ത്ര സമരത്തെ നയിച്ച കോണ്‍ഗ്രസിനെ മുസ്ലിം പാര്‍ട്ടിയെന്ന് വിളിച്ചത് ഒരു പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ല. പ്രധാനമന്ത്രിയുടെ ഈ മാനസികാവസ്ഥ വളരെ ആശങ്കാ ജനകമാണ്.

ചരിത്രത്തേയും വസ്തുതകളേയും വളച്ചൊടിച്ചുകൊണ്ടാണ് അദ്ദേഹം പ്രസ്താവനകള്‍ നടത്തുന്നത്. മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, അല്ലാതെ ബിജെപിയുടെ പ്രധാനമന്ത്രിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രത്തെക്കുറിച്ച് വളരെ കുറച്ച് മാത്രമാണ് മോദിക്ക് അറിവുള്ളത്. ബാക്കിയെല്ലാം അദ്ദേഹം സ്വന്തമായെഴുതിയ ചരിത്രമാണ്. കോണ്‍ഗ്രസ് നേതാക്കളായ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹറു. സര്‍ദാര്‍ ഭല്ലഭായി പട്ടേല്‍ , ലാലാ ലജ്പത് റായി, മൗലാനാ ആസാദ് എന്നിവരെയെല്ലാം അദ്ദേഹം ഓര്‍ക്കേണ്ടതുണ്ടെന്നും ആനന്ദ് ശര്‍മ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ലോകസഭയില്‍ പാസാക്കാനിരിക്കുന്ന മുത്തലാഖ് ബില്ലിനോടുള്ള കോണ്‍ഗ്രസ്സിന്റെ നിലപാടിനെതിരെ മോദി രംഗത്തു വന്നിരുന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടി മുസ്ലിം പുരുഷന്‍ന്മാര്‍ക്ക് മാത്രമുള്ള പാര്‍ട്ടിയാണോ അതോ സ്ത്രീകള്‍ക്കും പ്രാതിനിധ്യമുണ്ടോ എന്ന് രാഹുല്‍ വ്യക്തമാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Top Stories
Share it
Top