ഇന്ത്യയിൽ ആൾക്കൂട്ടം നീതി നടപ്പാക്കും; വാറന്റുകൾ റദ്ദാക്കണം-മെഹുൽ ചോക്സി

Published On: 2018-07-24 04:15:00.0
ഇന്ത്യയിൽ ആൾക്കൂട്ടം നീതി നടപ്പാക്കും; വാറന്റുകൾ റദ്ദാക്കണം-മെഹുൽ ചോക്സി

മുംബൈ: തനിക്കെതിരായ ജാമ്യാമില്ലാ വാറന്റുകൾ റദ്ദാക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സി. ഇന്ത്യയിൽ ആൾക്കൂട്ട കൊലപാതകം ഇപ്പോൾ ട്രൻഡാണെന്നും നീതി ജനങ്ങൾ തന്നെ നടപ്പിലാക്കുകയാണെന്നും മുംബൈ ഭീകരവാദ വിരുദ്ധകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

സ്ഥാപനത്തിലെ മുൻജീവനക്കാരും കടക്കാരും തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും ചോക്സി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജയിലിലും താൻ സുരക്ഷിതനായിരിക്കില്ലെന്നാണ് വാദം.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ, സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതി മാർച്ചിൽ ചോക്സിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതു റദ്ദാക്കണമെന്ന് അതേ കോടതിയിലാണു അപേക്ഷ നൽകിയിരിക്കുന്നത്.

മോശം ആരോഗ്യസ്ഥിതി, പാസ്പോർട്ട് അസാധുവാക്കൽ എന്നിവയും കാരണമായി അപേക്ഷയിലുണ്ട്. ഓഗസ്റ്റ് 18നു വാദം കേൾക്കും. വജ്രവ്യാപാരി നീരവ് മോദിയും അമ്മാവൻ ചോക്സിയും ചേർന്നു പിഎൻബിയിലെ 13,500 കോടി തട്ടിയെടുത്തു വിദേശത്തേക്കു മുങ്ങി എന്നതാണു കേസ്.

Top Stories
Share it
Top