മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ്; വിവാഹപാര്‍ട്ടിയാണെന്ന് ബന്ധുക്കള്‍

Published On: 2018-05-23 03:15:00.0
മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ്; വിവാഹപാര്‍ട്ടിയാണെന്ന് ബന്ധുക്കള്‍

റായ്പൂര്‍: ചത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലുള്ള ബോപാല്‍പട്ടണത്തില്‍ നിന്നും 15 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്‌തെന്ന് പോലീസ്. എന്നാല്‍ അറസ്റ്റിലായവര്‍ ഫുലോദ് ഗ്രാമത്തില്‍ നടന്ന വിവാഹപ്പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയവരാണെന്നും ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമില്ലെന്നുമാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.

ചത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രി രമണ്‍ സിങിന്റെ വികാസ് യാത്ര ബിജാപൂരില്‍ പ്രവേശിക്കുന്നതിനു തൊട്ടുമുമ്പാണ് അറസ്റ്റ്. സുരക്ഷാ സൈന്യത്തിനു നേരെ ബോംബെറിയുകയും ജില്ലയില്‍ കഴിഞ്ഞ മാസങ്ങളില്‍ നടന്ന അതിക്രമങ്ങളില്‍ പങ്കാളികളാവുകയും ചെയ്തവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറയുന്നു. ഇതില്‍ കൊലപാതകക്കേസിലെ പ്രതികളും രണ്ടു സ്ത്രീകളുമുണ്ടെന്നാണ് പോലീസ് പക്ഷം.

മെയ് 18നാണ് ഫുലോദ് ഗ്രാമത്തില്‍ നിന്നും 27 പേര്‍ അറസ്റ്റിലാകുന്നത്. ഇതില്‍ 12 പേരെ പിന്നീട് മോചിപ്പിച്ചു. ബാക്കി 15 പേര്‍ക്കെതിരേയാണ് കേസെടുത്തത്.

ഏപ്രില്‍ 26ന് ജംഗ്ലാ ഗ്രാമത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെയും ഏപ്രില്‍ 24ന് ദര്‍ഭ ഗ്രാമത്തിലെ സര്‍പഞ്ചിനെ കൊലപ്പെടുത്തിയ കേസിലെയും ഏപ്രില്‍ ഒന്‍പതിന് ബോപാല്‍പൂരില്‍ സൈനികവാഹനം ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്ന് രണ്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട കേസിലെയും പ്രതികള്‍ അറസ്റ്റിലായവരില്‍ ഉണ്ടെന്ന് പോലീസ് പറയുന്നു.

Top Stories
Share it
Top