അയോദ്ധ്യ വിധി: സോഷ്യല്‍ മീഡിയ നിരീക്ഷണത്തില്‍, റാണ അയൂബിനോട് ട്വീറ്റ് നീക്കാന്‍ പൊലീസ് നിര്‍ദ്ദേശം

ഇതുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ സന്ദേശങ്ങള്‍ എന്നിവ തടയുന്നതിനായി 670 ലധികം സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകളാണ് പൊലീസ് നിരീക്ഷണത്തിലുള്ളത്.

അയോദ്ധ്യ വിധി: സോഷ്യല്‍ മീഡിയ നിരീക്ഷണത്തില്‍, റാണ അയൂബിനോട് ട്വീറ്റ് നീക്കാന്‍ പൊലീസ് നിര്‍ദ്ദേശം

ന്യൂഡൽഹി: അയോദ്ധ്യ വിഷയവുമായി ബന്ധപ്പെട്ട് പ്രമുഖ മാദ്ധ്യമ പ്രവർത്തക റാണ അയ്യൂബ് പങ്കുവച്ച ട്വീറ്റിനെതിരെ പൊലീസ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നാളെ വലിയ നിർണായക ദിനമാണ്. ഇന്ത്യൻ മുസ്ലീങ്ങളുടെ വിശ്വാസ സ്മാരകമായ ബാബറി മസ്ജിദ് 1992 ഡിസംബർ ആറിന് തകർത്തത് ഇന്ന് അധികാരത്തിലിരിക്കുന്നവരാണ്. അതെന്റെ ജീവിതം മാറ്റിമറിച്ചു, ഒപ്പം ഒരു തലമുറയിൽപ്പെടുന്ന ഇന്ത്യൻ മുസ്ലീങ്ങളെ ഒറ്റരാത്രികൊണ്ട് 'അന്യവൽക്കരിച്ചു'. എന്റെ രാജ്യം നാളെ എന്നെ നിരാശപ്പെടുത്തില്ലെന്ന് ഞാൻ വിശ്വസിക്കുന്നു' എന്നായിരുന്നു റാണ അയൂബിന്റെ ട്വീറ്റ് എന്നാൽ നിങ്ങളുടേത് രാഷ്ട്രീയ പ്രസ്താവനയാണെന്നും ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടിവരുമെന്നും റാണാ അയൂബിന്റെ ട്വീറ്റിന് മറുപടിയായി അമേത്തി പൊലീസ് കുറിച്ചു.

പൊലീസിനെയും റാണാ അയൂബിനെയും വിമർശിച്ചും അനുകൂലിച്ചും ആളുകൾ രംഗത്തുവന്നു. റാണാ അയൂബിന്‍റെ ട്വീറ്റ് മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതാണെന്ന് ചിലര്‍ ആരോപിച്ചു. പൊലീസിന്‍റെ ഭാഗത്തുനിന്നും ഉയരുന്നത് ഭീഷണിയാണെന്നും രാജ്യത്ത് സംസാരിക്കാനുള്ള അവകാശമില്ലേ എന്നും ചിലർ പ്രതികരിച്ചു.


വര്‍ഷങ്ങള്‍ നീണ്ട നിയമനടപടിക്കൊടുവില്‍ ഇന്ന് അയോദ്ധ്യ ബാബറി മസ്ജിദ് - രാമജന്മഭൂമി വിഷയത്തില്‍ സുപ്രിം കോടതി വിധി പുറത്തുവിടും. ഇതിന്‍റെ ഭാഗമായി കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ സന്ദേശങ്ങള്‍ എന്നിവ തടയുന്നതിനായി 670 ലധികം സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകളാണ് പൊലീസ് നിരീക്ഷണത്തിലുള്ളത്.

Read More >>