ഒരു ദളിത് വനിതയുടെ പോരാട്ടത്തിന്റെ ഓര്‍മ്മയ്ക്ക്

Published On: 11 April 2018 8:15 AM GMT
ഒരു ദളിത് വനിതയുടെ പോരാട്ടത്തിന്റെ ഓര്‍മ്മയ്ക്ക്

സമൂഹത്തിലെ താഴെക്കിടയില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതുകൊണ്ടുതന്നെ പൊന്നുതായെ അധികമാരും അറിയാനിടയില്ല. തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്ത് വാടിപ്പെട്ടി ഗ്രാമത്തില്‍ ഒരു ചെറിയ സ്‌ക്കൂളുണ്ട്. ഗാന്ധിജി പ്രൈമറി സ്‌ക്കൂളെന്നാണ് യഥാര്‍ത്ഥ പേരെങ്കിലും നാട്ടുകാര്‍ക്കിത് പൊന്നുതായി സ്‌ക്കൂളാണ്. അതിനു പിന്നിലെ ചരിത്രം പൊന്നുതായുടെ ജീവിതം തന്നെയാണ്.

തേനിയിലെ ഉസിലാംപെട്ടിയില്‍ നിന്നും മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മാണ തൊഴിലാളികളായി വാടിപ്പെട്ടിയിലേക്ക് കുടിയേറിയ ദളിത് ദമ്പതിമാരായ വെള്ളയ്യന്റെയും മുത്തമ്മാളിന്‍േറയും മകളായ് 1928 ലാണ് പൊന്നുതായുടെ ജനനം. മാതാപിതാക്കള്‍ക്ക് വിദ്യാഭ്യാസത്തിന്റെ പ്രസക്തിയറിയാത്തതുകൊണ്ടുതന്നെ ഇന്‍സ്‌പെക്ടറായിരുന്ന നാഗപൂജരുടെ നിര്‍ബന്ധത്തിലാണ് പൊന്നുതായി സ്‌ക്കൂളിലെത്തുന്നത്. ആസമയത്ത് പൊന്നുതായെ കൂടാതെ മറ്റൊരു ദളിത് വിദ്യാര്‍ത്ഥിയെ അന്ന് സ്‌ക്കൂളില്‍ ഉണ്ടായിരുന്നുള്ളു. ചില അധ്യാപകരുടെ സവര്‍ണ്ണ മനോഭാവം കാരണം പൊന്നുതായ്ക്ക് സ്വന്തം പേരുപോലും അന്യമായിരുന്നു. സ്‌ക്കൂള്‍ രേഖകളില്‍ വെള്ളയ്യന്റെ മകള്‍ എന്നായിരുന്നു പേരിനുപകരം ചേര്‍ത്തിരുന്നത്.


എട്ടാം ക്ലാസില്‍ എത്തിയപ്പോഴാണ് ചില അധ്യാപകരുടെ ശ്രമഫലമായി സ്വന്തം പേരുപോലും പൊന്നുതായ്ക്ക് സ്വന്തമാകുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ദിണ്ഡിഗല്ലില്‍ നിന്നും അധ്യാപന പരിശീലനം നേടിയ പൊന്നുതായെ ഗ്രാമം ആവേശപൂര്‍വ്വം വരവേറ്റു. ഗ്രാമത്തിലെ ആളുകള്‍ക്ക് വേണ്ടി കത്തെഴുതുക, അപേക്ഷകള്‍ പൂരിപ്പിക്കുക തുടങ്ങിയ ജോലികളെല്ലാം ചെയ്തിരുന്ന പൊന്നുതായ് ബന്ധുവായ ബാലുച്ചാമിയെ വിവാഹം കഴിക്കുകയും ബോദിനായകംപെട്ടിയിലെ ഒരു മധ്യവര്‍​ഗ സ്ക്കൂളില്‍ അധ്യാപികയാവുകയും ചെയ്തു. എന്നാല്‍ ഉയര്‍ന്ന ജാതിയിലെ ചിലര്‍ താഴ്ന്ന ജാതിക്കാരി തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതില് രോഷം പ്രകടിപ്പിച്ചതോടെ പൊന്നുതായ്ക്ക് ജോലി നഷ്ടപ്പെട്ടു. ഈ സംഭവത്തിന് അവരെ തളര്‍ത്താനായില്ല. ഗ്രാമത്തില്‍ നല്ലൊരിടം കണ്ടെത്തി പുതിയ സ്ക്കൂള്‍ ആരംഭിച്ചായിരുന്നു ജാതിവെറിയന്മാര്‍ക്ക് പൊന്നുതായുടെ മറുപടി. പക്ഷെ ജാതി വെറുതെയിരുന്നില്ല. പതിയെ പൊന്നുതായ്ക്ക് സ്ക്കൂള്‍ ഒരു മരച്ചുവട്ടിലേക്ക് മാറ്റേണ്ടി വന്നു. 1953 ല്‍ അവര്‍ സ്വവസതി വിദ്യാലയമായി മാറ്റുകയും തൊളിലാളികളെയും ആട്ടിടയന്മാരായ പാവപ്പെട്ടവരെയും അവരുടെയിടങ്ങളില്‍ സന്ദര്‍ശിക്കുകയും വിദ്യാഭ്യാസത്തിൻെറ ആവശ്യകതയെപറ്റി നാടൻപാട്ടുകളിലൂടെ ബോധവല്ക്കരണം നടത്തുകയും ചെയ്തു .പത്തുകുട്ടികളുമായി ആരംഭിച്ച സ്ക്കൂളിൻെറ വളര്‍ച്ച പെട്ടെന്നായിരുന്നു. 1954 ല്‍ സ്ക്കൂളിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. ഈസമയം തന്നെ അവര്‍ മഹാത്മാഗാന്ധിയുടെ ഹരിജൻ സേവാ സംഘത്തിലും ഇന്ത്യൻ നാഷണല്‍ കോണ്​ഗ്രസിലും പ്രവര്‍ത്തിച്ചു. ആനന്ദ തീര്‍ത്ഥയുമായുള്ള പരിചയം തൊട്ടുകൂടായ്മക്കെതിരെയുള്ള അവരരുടെ പോരാട്ടത്തിന് പുതിയ മാനങ്ങള്‍ നല്കുകയുണ്ടായി.

1960 ആവുമ്പോഴേക്കും സ്വന്തമായി കെട്ടിടവും 850 വിദ്യാര്‍ത്ഥികളുമായി പൊന്നുതായുടെ ഗാന്ധിജി പ്രൈമറി സ്ക്കൂള്‍ വളര്‍ന്നു. നിരന്തരമായി ജാതിവെറിയന്മാരുടെ ഇരയായതിനാല്‍ പലതവണയായി സ്ക്കൂള്‍ തകര്‍ക്കപ്പെട്ടു. ഈ സമയം അംബേ​ദ്ക്കര്‍ മക്കള്‍ ഇയക്കം നേതാവായ വി ബാലസുബ്രഹ്മണ്യത്തിൻെറ സഹായത്തോടെ ചെരിയ രീതിയില്‍ സ്ക്കുള്‍ വീണ്ടും പുനരാരംഭിച്ചു. 1990 കളുടെ ആരംഭത്തില്‍ ഇം​ഗ്ലീഷ് മീഡിയം സ്ക്കൂളുകളുടെ തള്ളിക്കയത്തില്‍ സ്ക്കൂളലിലേക്കുള്ള കുട്ടികളുടെ വരവ് കുറഞ്ഞെങ്കിലും പൊന്നുതായി ജാതീയതയ്ക്കും വി​ദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരന്നു. പ്രയാധിക്യത്താല്‍ വീല്‍ചെയറിലായിരുന്നുങ്കിലും അവരുടെ പോരാട്ടം വീര്യമുള്ളതായിരുന്നു. 2002 ല്‍ പൊന്നുതായി മരണപ്പെട്ടെങ്കിലും അവരുടെ ഓര്‍മ്മക്കായി മകനായ നാ​ഗേശ്വരനും പൗത്രനായ ധനപാലും സ്ക്കുള്‍ ഇന്നും നടത്തുന്നു. 80 കുട്ടികളുള്ള സ്ക്കൂളിലെ പഠന രീതികള്‍ വ്യത്യസ്തമാണ്. കല, സം​ഗീതം, സിനിമ, യാത്രകള്‍ എന്നിവയ്ക്കെല്ലാം പ്രധാന്യം നല്‍കുന്നതാണ് ഇവിടുത്തെ പാഠ്യ പദ്ധതി. പ്രാ​ദേശിക വാദ്യ കലകളും കുട്ടികള്‍ക്ക് മുതല്‍ക്കൂട്ടാണ്. പൊന്നുതായ് മണ്‍മറഞ്ഞിട്ടും അവരുടെ നിലയ്ക്കാത്ത പോരാട്ടങ്ങളുടെ ഓര്‍മ്മയായി ഈ ബ​ദല്‍ സ്ക്കൂള്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു.

Top Stories
Share it
Top