2000ത്തിന്റെ കറന്‍സി നിരോധിക്കുമെന്ന പ്രചരണം തെറ്റന്ന് ധനമന്ത്രാലയം സെക്രട്ടറി

2000 നോട്ട് നിരോധിക്കുമെന്ന അഭ്യൂഹത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്? ധനമന്ത്രാലയം സെക്രട്ടറിയുടെ വിശദീകരണം

2000ത്തിന്റെ കറന്‍സി നിരോധിക്കുമെന്ന പ്രചരണം തെറ്റന്ന് ധനമന്ത്രാലയം സെക്രട്ടറി


നോട്ടുനിരോധനത്തിനു ശേഷം ഇന്ത്യക്കാരുടെ ഏറ്റവും വലിയ പേടി സ്വപ്‌നങ്ങളിലൊന്ന് വീണ്ടുമൊരു നോട്ടുനിരോധനം സംഭവിക്കുമോ എന്നതാണ്. നിരോധനത്തിനുശേഷം ആദ്യം പുറത്തിറക്കിയ 2000 ഏതു സമയത്തും നിരോധിച്ചേക്കുമെന്ന അഭ്യൂഹം അന്നേ നിലവിലുണ്ട്. ഇത്തരമൊരു ഗതികേടുള്ള ഒരു നോട്ടും ആര്‍ബിഐ ഇതുവരെയും പുറത്തിറക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ആദ്യ ഘട്ടത്തില്‍ 2000ത്തിന്റെ കറന്‍സി കൈവശം വയ്ക്കുന്നതില്‍ പലര്‍ക്കും വൈമുഖ്യമുണ്ടായിരുന്നു.

ആ മനോഭാവം പതുക്കെ ഇല്ലാതായിത്തുടങ്ങിയപ്പോഴാണ് വീണ്ടും നിരോധനത്തിന്റെ മേഘം സാമ്പത്തികമേഖലയെ ആവേശിക്കാന്‍ തുടങ്ങിയത്. ഇത്തവണ 2000ത്തിന്റെ കറന്‍സിയുടെ അച്ചടി കുറക്കാന്‍ തീരുമാനിച്ചുവെന്ന കണക്കുകളുദ്ധരിച്ചാണ് മാദ്ധ്യമങ്ങള്‍ ഈ നോട്ടും പിന്‍വലിക്കാന്‍ തീരുമാനിച്ചുവെന്ന അഭ്യൂഹം പ്രചരിപ്പിച്ചത്. ഉയര്‍ന്ന മൂല്യമുളള കറന്‍സി പൂഴ്ത്തിവെപ്പിനും കളളപ്പണത്തിനും കാരണമാവുമെന്ന പേരിലായിരുന്നു നോട്ടുനിരോധനം കൊണ്ടുവന്നത്.

കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന തോന്നലുണ്ടായപ്പോള്‍ അതില്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ധനമന്ത്രാലയത്തിന്റെ സെക്രട്ടറിയ്ക്കു തന്നെ രംഗത്തിറങ്ങേണ്ടിവന്നു. സെക്രട്ടറി സുഭാഷ് ചന്ത്ര ഗാര്‍ഗ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിശദവിവരങ്ങള്‍ വെളിപ്പെടുത്തിയത്. 2000 രൂപയുടെ കറന്‍സിയുടെ അച്ചടി നിയന്ത്രിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇന്ത്യയുടെ മൊത്തം കറന്‍സി മൂല്യത്തിന്റെ 35 ശതമാനത്തോളം 2000 രൂപയുടെ കറന്‍സിയാണെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. മൊത്തം കറന്‍സിയുടെ ആവശ്യത്തിനനുസരിച്ചാണ് ഇത്തരം തീരുമാനങ്ങളെടുക്കാറുള്ളതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതേസമയം കറന്‍സിയുടെ അച്ചടി നിയന്ത്രിക്കുന്നത് അസാധാരണമല്ലെന്ന് മുന്നനുഭവങ്ങള്‍ സൂചിപ്പിക്കുന്നു.

ആര്‍ബിഐ നല്‍കുന്ന കണക്കനുസരിച്ച് മാര്‍ച്ച് 2017 വരെ സമ്പദ്ഘടനയില്‍ 32850 ലക്ഷം, 2000 രൂപ കറന്‍സിയാണ് ഉണ്ടായിരുന്നത്. 2018 മാര്‍ച്ചില്‍ അത് 33630 ലക്ഷമായി. ആ സമയത്തെ മൊത്തം കറന്‍സി 180370 ലക്ഷമായിരുന്നു. മാര്‍ച്ച് 2018 ല്‍ 2000ത്തിന്റെ കറന്‍സി മൊത്തം കറന്‍സിയുടെ 37.3 ശതമാനം വരുമായിരുന്നു. 2017 മാര്‍ച്ചില്‍ അത് 50.2 ശതമാനമായിരുന്നു.