രാഹുലിന്റെ മാര്‍ച്ചില്‍ പ്രശ്നമുണ്ടാക്കിയവര്‍ക്കെതിരെ ക്ഷുഭിതയായി പ്രിയങ്ക

Published On: 2018-04-13 08:30:00.0
രാഹുലിന്റെ മാര്‍ച്ചില്‍ പ്രശ്നമുണ്ടാക്കിയവര്‍ക്കെതിരെ  ക്ഷുഭിതയായി പ്രിയങ്ക

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച കത്വവ, ഉന്നാവോ ബലാത്സംഗ കേസുകളില്‍ നീതി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി വ്യാഴാഴ്ച അര്‍ധരാത്രി നടത്തിയ റാലിയിലേക്ക് തള്ളി കയറിയ ജനത്തിനെതിരെ ക്ഷുഭിതയായി പ്രിയങ്ക ഗാന്ധി. നിശ്ബ്ദതയോടെയും ശാന്തതയോടെയും റാലിയെ പിന്തുടരുക, അല്ലാത്തവര്‍ വീട്ടിലേക്ക് മടങ്ങി പോകൂവെന്ന് പ്രിയങ്ക ജനത്തിനോട് ദേഷ്യത്തോടെ പറഞ്ഞു. നിങ്ങള്‍ ഇവിടെ വരാനുണ്ടായ സാഹചര്യം ഓര്‍ത്ത് പെരുമാറണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്ക് സുരക്ഷിതമായി നടക്കാനുള്ള മാറ്റം രാജ്യത്ത് ഉണ്ടാകണമെന്ന് റാലിയില്‍ പങ്കെടുത്ത പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത സംഭവത്തിനെതിരെ രാഹുല്‍ ഗാന്ധി നയിച്ച മാര്‍ച്ചില്‍ വന്‍ ജനകൂട്ടമാണ് ഉണ്ടായിരുന്നത്. മാര്‍ച്ചില്‍ മോദി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളി ഉയര്‍ന്നിരുന്നു. 'ദശലക്ഷകണക്കിന് ഇന്ത്യക്കാരുടെ പോലെ എന്റെയും ഹൃദയം ഇന്ന് രാത്രി എന്നെ വേദനിപ്പിക്കുന്നു, സ്ത്രീകള്‍ക്കെതിരെ തുടര്‍ച്ചയായി നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ രാജ്യത്തിന് ഒന്നും ചെയ്യാനാകുന്നില്ല'മാര്‍ച്ചിന് ആഹ്വാനം ചെയ്യുന്നതിന് മുമ്പായി രാഹുല്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ കത്വവയില്‍ എട്ട് വയസ്‌കാരിയെ ക്രൂര ബലാത്സംഗം ചെയ്ത് കൊന്നതിനെ രാഹുല്‍ ഗാന്ധി അതീവ വേദന രേഖപ്പെടുത്തിയിരുന്നു. യുപിയിലെ ഉന്നാവോയില്‍ 17 വയസുകാരി ബലാംത്സഗത്തിന് ഇരയായതില്‍ ആരോപിതനായ എംഎല്‍എക്കെതിരെ നടപടിയെടുക്കുന്നതില്‍ യുപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇത്തരം തിന്മ ചെയ്ത കുറ്റവാളികളെ എങ്ങിനെ സംരക്ഷിക്കാനാകും? മനുഷ്യത്വത്തിനെതിരെ നടന്ന സംഭവമാണ് കത്വവയില്‍ നടന്നത്, അതിന് ഒരിക്കലും ശിക്ഷ ലഭിക്കാന്‍ പോകുന്നില്ല. നിരപരാധിയായ ഈ കുട്ടിക്കെതിരെ നടന്ന ഈ മൃഗീയ സംഭവത്തില്‍ രാഷ്ട്രീയത്തെ ഇടപെടാന്‍ അനുവദിച്ചാല്‍ എന്താകും സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കളായ അഹമദ് പട്ടേല്‍, ഗുലാംനബി ആസാദ്, അംബിക സോണി, അജയ് മാക്കന്‍ തുടങ്ങീ നിരവധി നേതാക്കളാണ് ഇന്ത്യാ ഗേറ്റില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കടെുത്തത്.

രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ സംഭവത്തില്‍ കണ്ടപോലെ വന്‍ ജനാവലിയായിരുന്നു വ്യാഴാഴ്ച രാത്രി നടന്ന മാര്‍ച്ചില്‍ ഉണ്ടായത്. അതേസമയം, മോദി സര്‍ക്കാര്‍ ഉറങ്ങുകയാണെന്നും രാജ്യം ഇന്ന് നേരിടുന്ന വലിയ ഭീഷണി പെണ്ടകുട്ടികള്‍ക്കെതിരെ നടക്കുന്ന അക്രമണങ്ങാളാണെന്നും ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി. മോദി സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ മുദ്രാവാക്യത്തിനെതിരെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. രാജ്യത്തെ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ ഇത്തരം ആക്രമണങ്ങള്‍ നടക്കുമ്പോഴും സര്‍ക്കാര്‍ ഉറങ്ങുകയാണ്,ബിജെപി ഈ പ്രശ്നത്തില്‍ ഇടപെടുന്നില്ല. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലാപാടാണ് ബിജെപി സ്വീകരിക്കുന്നത്, നിയമനിര്‍വഹണ സംവിധാനത്തെ അവരുടെ ജോലി ചെയ്യാനും ബിജെപി അനുവദിക്കുന്നില്ലെന്നും ഡിപിസിസി പ്രസിഡന്റ് അജയ് മാക്കന്‍ പറഞ്ഞു.

Top Stories
Share it
Top