മീശയിലെ പരമാര്‍ശം ആക്ഷേപഹാസ്യമായിക്കൂടേയെന്ന് സുപ്രീംകോടതി

Published On: 2018-08-02 07:00:00.0
മീശയിലെ പരമാര്‍ശം ആക്ഷേപഹാസ്യമായിക്കൂടേയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: എസ് ഹരീഷിന്റെ മീശ നോലവിലെ വിവാദ പരാമര്‍ശം ആക്ഷേപഹാസ്യമായിക്കൂടേയെന്ന് സുപ്രീംകോടതി. വിവാദ പരാമര്‍ശങ്ങളുടെ പരിഭാഷ നല്‍കാന്‍ പുസ്തകം പ്രസിദ്ധീകരിച്ച മാതൃഭൂമിയോട് കോടതി ആവശ്യപ്പെട്ടു.

അതേസമയം, പുസ്തകം നിരോധിക്കുന്നത് നല്ല സംസ്‌കാരമല്ലെന്നും കോടതി വ്യക്തമാക്കി. സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും പിന്‍വലിച്ച, എസ് ഹരീഷിന്റെ 'മീശ' നോവല്‍ ഡി.സി ബുക്സ് പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സ്ത്രീകളെയും ഒരു സമുദായത്തെയും അടച്ചാക്ഷേപിക്കുന്നതാണ് നോവലെന്ന് ആരോപിച്ചാണ് ഹര്‍ജി. ഡല്‍ഹി മലയാളി രാധാകൃഷ്ണന്‍ വരേണിക്കലാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഹരീഷ് നോവല്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പ്രമുഖ പ്രസാധകരായ ഡി.സി ബുക്‌സ് നോവല്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായി. 328 പേജുള്ള പുസ്തകം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു തുടങ്ങിയ നോവല്‍ സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നോവല്‍ പുസ്തകമാക്കാനുള്ള തീരുമാനം എസ് ഹരീഷ് എടുത്തത്.

Top Stories
Share it
Top