വിവാഹേതരബന്ധം: പുരുഷനെ മാത്രം ശിക്ഷിക്കുന്നത് തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനം- സുപ്രീംകോടതി

Published On: 2 Aug 2018 4:00 PM GMT
വിവാഹേതരബന്ധം: പുരുഷനെ മാത്രം ശിക്ഷിക്കുന്നത് തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനം- സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹേതരബന്ധം സംബന്ധിച്ച കേസുകളില്‍ പുരുഷന്‍മാരെ മാത്രം കുറ്റക്കാരാക്കുന്നത് തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന് സുപ്രീം കോടതി. നിലവിലുള്ള നിയമം വിവാഹിതരായ പുരുഷനും സ്ത്രീക്കും വ്യത്യസ്ത പരിഗണനയാണ് നല്‍കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഭര്‍തൃമതിയായ സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍ നിയമനടപടികള്‍ക്ക് വിധേയനാവുകയും കൃത്യത്തില്‍ തുല്യപങ്കാളിയായ സ്ത്രീയെ വെറുതെവിടുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. വൈവാഹിക ജീവിതത്തിലെ വിശ്വസ്തത സ്ത്രീക്കും പുരുഷനും ഒരു പോലെ ബാധകമാണെന്ന് കോടതി പറഞ്ഞു.

പുരുഷന്‍ മാത്രം ശിക്ഷാര്‍ഹനാകുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്. ജോസഫ് ഷൈന്‍ എന്നയാളാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.


Top Stories
Share it
Top