റഫേല്‍ ഇടപാട് നഷ്ടം തന്നെ; കേന്ദ്രത്തിന്റെ വാദം പൊളിയുന്നു

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിയുന്നു. ആദ്യം നിശ്ചയിച്ച തുകയുടെ മൂന്നിരട്ടി നല്‍കിയെന്ന വാദം മറച്ചു വെക്കാന്‍...

റഫേല്‍ ഇടപാട് നഷ്ടം തന്നെ; കേന്ദ്രത്തിന്റെ വാദം പൊളിയുന്നു

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിയുന്നു. ആദ്യം നിശ്ചയിച്ച തുകയുടെ മൂന്നിരട്ടി നല്‍കിയെന്ന വാദം മറച്ചു വെക്കാന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപാട് രഹസ്യസ്വഭാവമുള്ളതാണെന്ന വാദം ഉയര്‍ത്തുന്നതെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. കേന്ദ്രസര്‍ക്കാരും ഫ്രഞ്ച് സര്‍ക്കാരും 2008 ജനുവരി 25ന് ഒപ്പിട്ട കരാറില്‍ റഫേല്‍ വിമാനങ്ങളുടെ വാണിജ്യവില രഹസ്യമായി സൂക്ഷിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. യുദ്ധവിമാനത്തിന്റെ സാങ്കേതികവും തന്ത്രപരവുമായ വിശദാംശങ്ങള്‍ രഹസ്യമാക്കിവയ്ക്കണമെന്നു മാത്രമാണ് കരാറിലുള്ളത്.

റഫേല്‍ വിമാനങ്ങളുടെ നിര്‍മാതാക്കളായ ദാസ്സൂദ് കമ്പനി യുപിഎ കാലത്ത്, 2012ല്‍ നല്‍കിയ ടെണ്ടറില്‍ ഒരു വിമാനത്തിന് 526 കോടി രൂപയാണ് കാണിച്ചിരുന്നത്. 36 വിമാനത്തിന് 18,940 കോടിയും. വിമാനമൊന്നിനു 1670 കോടിരൂപ നിരക്കില്‍ 60,145 കോടി രൂപയ്ക്കാണ് മോഡിസര്‍ക്കാര്‍ 36 വിമാനം വാങ്ങിയത്. പൊതുഖജനാവിനു അധികം ചെലവായത് 41,205 കോടിരൂപ. പകുതി തുകയുടെ കരാര്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനു ലഭിച്ചു. ഇന്ത്യന്‍ പ്രതിരോധസംഭരണ ചരിത്രത്തില്‍ ഏതെങ്കിലും സ്വകാര്യകമ്പനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ കരാറാണിതെന്ന് റിലയന്‍സ് തന്നെ സമ്മതിച്ചിട്ടുണ്ട്.

അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന ഘട്ടത്തിലാണ് ദാസ്സൂദ് കമ്പനിക്ക് ഇന്ത്യയുടെ കരാര്‍ ലഭിച്ചത്. ഇന്ത്യ-ഫ്രഞ്ച് കരാര്‍ ഒപ്പിട്ട് 10 ദിവസത്തിനുള്ളില്‍ ദാസ്സൂദും റിലയന്‍സ് ഇന്‍ഡസ്ട്രീസും ചേര്‍ന്ന് ദാസ്സൂദ് റിലയന്‍സ് എയ്റോസ്പെയ്സ് എന്ന സംയുക്ത സംരംഭം രൂപീകരിക്കുകയും കരാറിന്റെ പകുതി തുകയ്ക്കുള്ള നിര്‍മാണങ്ങള്‍ ദാസ്സൂദ് ഇന്ത്യന്‍ പങ്കാളിയെന്ന നിലയില്‍ റിലയന്‍സിനു വിട്ടുകൊടുക്കുകയും ചെയ്തു. നാഗ്പുരിലെ റിലയന്‍സിന്റെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് ഈ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുക. വിമാനങ്ങളുടെ ഘടന, ഇലക്ട്രോണിക് സംവിധാനം, എന്‍ജിന്‍ എന്നിവയാണ് ഇവിടെ നിര്‍മിക്കുക. ഏഴുവര്‍ഷം നീണ്ടുനില്‍ക്കുന്ന നിര്‍മാണജോലികളാണ് ഉദ്ദേശിക്കുന്നത്.

18 വിമാനം പൂര്‍ണമായും ഫ്രാന്‍സില്‍ നിര്‍മിക്കുമെന്നും ശേഷിക്കുന്നവ സാങ്കേതികവിദ്യ കെമാറ്റത്തോടെ ഇന്ത്യയില്‍ നിര്‍മിക്കുമെന്നുമാണ് ആദ്യം പറഞ്ഞിരുന്നത്. പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിനു കരാര്‍ ലഭിച്ചിരുന്നെങ്കില്‍ ദാസ്സൂദില്‍നിന്ന് ലഭിക്കുന്ന സാങ്കേതികവിദ്യ ഭാവി ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍ സാധിക്കുമായിരുന്നു. കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ഫ്രാന്‍സ് സന്ദര്‍ശനത്തിലാണ് കരാര്‍ ഉറപ്പിച്ചത്. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷകാര്യ സമിതിയുടെ അനുമതി കിട്ടും മുമ്പാണ് പ്രധാനമന്ത്രി കരാര്‍ ഉറപ്പിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. നേരത്തെ സര്‍ക്കാര്‍ വിശദീകരിച്ചിരുന്നത് 24,000 കോടി രൂപയ്ക്ക് 36 വിമാനം ലഭിക്കുമെന്നാണ്. പിന്നീട് ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രതിരോധമന്ത്രി ജീന്‍ യെവിസ് ലെഡ്രെയാന്‍ നടത്തിയ ചര്‍ച്ചകളില്‍ വില വീണ്ടും വര്‍ധിപ്പിച്ചു.
വില കൂടുതലും ഇന്ധനക്ഷമത കുറവുമെന്ന ആരോപണം റഫേല്‍ വിമാനങ്ങള്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്.
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിനു കരാര്‍ നല്‍കുക വഴി പൊതുമേഖലയില്‍ ഒട്ടേറെ തൊഴിലവസരങ്ങളും ഉണ്ടാക്കാന്‍ സാധിച്ചേനെ., എന്നാന്‍ ശര്‍ക്കാര്‍ എല്ലാ ഇളവുകളും നല്‍കുന്ന പ്രത്യേക സാമ്പത്തിക മേഖലയിലാണ് റിലയന്‍സിന്റെ നിര്‍മാണജോലികള്‍ നടക്കുക. സര്‍ക്കാരിനു നികുതിവരുമാനംപോലും കിട്ടില്ല.

Story by
Read More >>