മോഡിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ഗാന്ധി; മോഡിക്ക് താല്‍പര്യം മോഡിയെ മാത്രം

Published On: 23 April 2018 9:45 AM GMT
മോഡിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ഗാന്ധി; മോഡിക്ക് താല്‍പര്യം മോഡിയെ മാത്രം

ന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ ഭരണം രാജ്യത്തിന്റെ സാമൂഹിക ജീവിതത്തെ ആകെ തകര്‍ത്തെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എല്ലാ സ്ഥാപനങ്ങളെയും സ്വന്തം രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടി മാറ്റിമറിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കുക എന്ന പ്രചരണ പരിപാടിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ സുരക്ഷ, ദളിത് സംരക്ഷണം, ദരിദ്രക്ഷേമം എന്നീ മേഖലകളെല്ലാം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. എല്ലാ ജനാധിപത്യ സ്ഥാപനങ്ങളിലും ആര്‍എസ്എസ് പ്രചാരകരെ നിറക്കുന്നു. അഭിപ്രായ പ്രകടനങ്ങളും സംവാദങ്ങളും ഈ സ്ഥാപനങ്ങളില്‍ ഇല്ലാതായി. എല്ലാ സ്ഥാപനങ്ങളും ഭരണഘടനയുടെ സൃഷ്ടികളാണ്. ഭരണഘടനയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതോടെ, മുന്‍ സര്‍ക്കാരുടെ ശ്രമങ്ങളെ ബോധപൂര്‍വ്വം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

മോഡിയുടെ നേരത്തെ പ്രചാരണം ബേട്ടി ബച്ചാവോ. ബേട്ടി പഠാവോ എന്നായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് ബേട്ടി ബച്ചാവോ എന്ന് മാത്രമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ അദ്ദേഹം സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി എന്നോട് സംസാരിക്കുവാനായി തയ്യാറാവുന്നില്ല. 15 മിനുറ്റ് നേരത്തെ സംവാദത്തിന് അദ്ദേഹത്തിന്റെ വെല്ലുവിളിക്കുന്നു എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.

Top Stories
Share it
Top