രാഹുൽ ​ഗാന്ധി കർഷക സമരത്തിൽ പങ്കെടുക്കും

Published On: 3 Jun 2018 5:45 AM GMT
രാഹുൽ ​ഗാന്ധി കർഷക സമരത്തിൽ പങ്കെടുക്കും

ന്യൂഡല്‍ഹി: വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക സമരത്തിൽ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി പങ്കെടുക്കും. മന്ദസോറില്‍ ആറാം തീയതി നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ താൻ സമരക്കാരെ അഭിസംബോധന ചെയ്യുമെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.

‘നമ്മുടെ രാജ്യത്ത് ഓരോ ദിവസവും 35 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക രംഗത്തോടുള്ള നയത്തില്‍ പ്രതിഷേധിച്ച് സമരം നടത്താന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ജൂണ്‍ ആറിന് മന്ദസോറില്‍ നടക്കുന്ന റാലിയെ ഞാന്‍ അഭിസംബോധന ചെയ്യും,’ - രാഹുൽ ​ഗാന്ധി പറഞ്ഞു.

മന്ദസോറില്‍ ഏഴോളം കര്‍ഷകരെ വെടിവച്ചുകൊന്നതിന്റെ ഒന്നാം വാര്‍ഷിക വേളയിലാണ് രാജ്യവ്യാപക സമരം. ജൂണ്‍ ഒന്ന് മുതല്‍ പത്ത് വരെയാണ് സമരം.

എം എസ് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കര്‍ഷക കടം എഴുതി തള്ളുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിവിധ കര്‍ഷക സംഘടനകള്‍ സമരം നടത്തുന്നത്. കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതി പൂര്‍ണമായും തടയുകയും പാല്‍- പച്ചക്കറി ഉത്പന്നങ്ങള്‍ റോഡിലൊഴുക്കിയുമാണ് പ്രതിഷേധം പുരോഗമിക്കുന്നത്. ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ജമ്മു കശ്‌മീര്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് സമരം നടത്തുന്നത്.

നൂറ്റിയമ്പതോളം ചെറു കര്‍ഷകസംഘങ്ങളാണ് മധ്യപ്രദേശിലെ സമരത്തെ പിന്തുണയ്ക്കുന്നത്. 50 പഞ്ചായത്തില്‍ വ്യാപിച്ചുകിടക്കുന്ന സമരത്തോടെ നഗരങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചു.


Top Stories
Share it
Top