രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും ഇന്ന് കശ്മീരിലേക്ക്

കശ്മീരിലെ ദുരിതപൂർണമായ അവസ്ഥയെക്കുറിച്ച് രാഹുൽ ഗാന്ധി രൂക്ഷമായി പ്രതികരിച്ചിരുന്നു

രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും ഇന്ന് കശ്മീരിലേക്ക്

ന്യൂഡൽഹി: രാഹുൽ ഗാന്ധി എം.പിയും പ്രതിപക്ഷ നേതാക്കളും ഇന്ന് കശ്മീരിലെത്തും. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള അവസ്ഥ വിലയിരുത്താൻ ഇവിടം സന്ദർശിക്കണമെന്ന ഗവർണർ സത്യപാൽ മലികിന്റെ ക്ഷണം സ്വീകരിച്ചാണ് രാഹുലും സംഘവും പുറപ്പെടുന്നത്. രാഹുലിനൊപ്പം ഒമ്പത് പ്രതിപക്ഷ നേതാക്കളും പുറപ്പെടുന്നുണ്ട്.

കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, ആർ.ജെ.ഡി നേതാവ് മനോജ് ഝാ തുടങ്ങിയവരാണ് ഒപ്പമുള്ളത്. ഇവർ രാഷ്ട്രീയ നേതാക്കളെയും പ്രദേശവാസികളെയും കാണുമെന്നാണ് കരുതുന്നത്.

കശ്മീരിലെ ദുരിതപൂർണമായ അവസ്ഥയെക്കുറിച്ച് രാഹുൽ ഗാന്ധി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതേ തുടർന്നാണ് കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ഗവർണർ രാഹുൽ വരണമെന്നും വേണമെങ്കിൽ വിമാനം അയക്കാമെന്നും പറഞ്ഞത്. തൊട്ടുപിന്നാലെ രാഹുൽ ക്ഷണം സ്വീകരിക്കുന്നതായി അറിയിച്ചു.

യാത്രക്ക് വിമാനം വേണ്ടെന്നും സ്വതന്ത്രമായി യാത്രചെയ്യാനും ജനങ്ങളെയും പട്ടാളക്കാരെയും കാണാനും അനുവദിച്ചാൽ മതിയെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. രാഹുൽ ഉപാധികൾ വെക്കുകയാണെന്നും പ്രശ്‌നമുണ്ടാക്കാൻ പ്രതിനിധിസംഘവുമായി വരുകയാണെന്നും ഇതിന് മറുപടിയായി ഗവർണർ പറഞ്ഞു. ഗവർണർ നിലപാടിൽനിന്ന് പിറകോട്ടു പോയതിനെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. വാക്കിൽ ഉറച്ചു നിൽക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Read More >>