'രാഹുല്‍ ഗാന്ധിക്ക് ലഷ്‌കർ ഇ ത്വെയ്ബയോടും ജയ്ശ് ഇ മുഹമ്മദിനോടും അനുകമ്പ, ഒരിക്കലും പാകിസ്താനെ ചോദ്യം ചെയ്യില്ല': ബിജെപി

രാജ്യം വീരചരമം വരിച്ച സൈനികരെ ഓര്‍ക്കുമ്പോള്‍ രാഹുല്‍ സര്‍ക്കാരിനെയും സൈന്യത്തെയും അപമാനിക്കുകയാണ്. യഥാര്‍ത്ഥ കുറ്റവാളികളായ പാകിസ്താനെ ഒരിക്കലും രാഹുല്‍ ചോദ്യം ചെയ്യില്ല.

ന്യൂഡൽഹി: പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ ബിജെപി നേതാവ് ജിവിഎൽ നരസിംഹ റാവു. രാഹുൽ ഗാന്ധി ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നി തീവ്രവാദ സംഘടനകളോട് അനുകമ്പയുള്ളയാളാണെന്ന് റാവു പറഞ്ഞു.

40 ഇന്ത്യൻ സിആർപിഎഫ് ജവാന്മാരുടെ ജീവൻ നഷ്ടമായ പുൽവാമ ആക്രമണത്തിൽ ആരാണ് കൂടുതൽ നേട്ടമുണ്ടാക്കിയതെന്ന പരാമർശത്തിലാണ് രാഹുലിനെതിരായ പ്രതികരണം.

രാജ്യം വീരചരമം വരിച്ച സൈനികരെ ഓര്‍ക്കുമ്പോള്‍ രാഹുല്‍ സര്‍ക്കാരിനെയും സൈന്യത്തെയും അപമാനിക്കുകയാണ്. യഥാര്‍ത്ഥ കുറ്റവാളികളായ പാകിസ്താനെ ഒരിക്കലും രാഹുല്‍ ചോദ്യം ചെയ്യില്ല. ലജ്ജ തോന്നുന്നു രാഹുൽ!'- രാഹുലിന്റെ ട്വീറ്റ് പങ്കുവച്ച് റാവു പ്രതികരിച്ചു.

വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സാമ്പിത് പത്ര പ്രതികരിച്ചിരുന്നു. ഗാന്ധി എന്ന് വിളിക്കപ്പെടുന്ന കുടുംബത്തിന് നേട്ടങ്ങള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാനാവില്ലെന്നും അവരുടെ ആത്മാവു പോലും അഴിമതിയുടേതാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.

'പുൽവാമയിലുണ്ടായത് ക്രൂരമായ ആക്രമണമായിരുന്നു. രാഹുലിന്റെ പ്രസ്താവന അതുപോലെ ക്രൂരമായതാണ് ആരാണ് കൂടുതൽ നേട്ടമുണ്ടാക്കിയത് ?..മിസ്റ്റർ ഗാന്ധി നിങ്ങൾക്ക് നേട്ടങ്ങൾക്കപ്പുറത്തെ കുറിച്ച് ചിന്തിക്കാൻപറ്റുമോ? തീർച്ചയായും ഇല്ല... 'ഗാന്ധി' എന്നു വിളിക്കപ്പെടുന്ന ഈ കുടുംബത്തിന് നേട്ടങ്ങൾക്കപ്പുറത്തേക്ക് ചിന്തിക്കാനാവില്ല. ഭൗതികമായി മാത്രം ഇവര്‍ അഴിമതിക്കാരല്ല ഇവരുടെ ആത്മാവ് പോലും അഴിമതിയുടേതാണ്.'- സാമ്പിത് പത്ര ട്വീറ്റ് ചെയ്തു.

പുല്‍വാമ ആക്രമണത്തിൽ നിന്ന് ആരാണ് കൂടുതൽ നേട്ടമുണ്ടാക്കിയതെന്നും ഇത് സംബന്ധിച്ച അന്വേഷണത്തിന്റെ ഫലം എന്താണെന്നുമാണ് രാഹുൽ ട്വീറ്റ് ചെയ്തത്. ആക്രമണത്തിന് അനുവദിച്ച സുരക്ഷാ വീഴ്ചകൾക്ക് ബിജെപി സർക്കാരിൽ ആരാണ് ഉത്തരവാദികളെന്നും രാഹുൽ ചോദിച്ചു. കഴിഞ്ഞ വർഷം പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട 40 സിആർപിഎഫ് ജവാന്മാരെ അനുസ്മരിച്ചു കൊണ്ടുള്ള ട്വീറ്റിലായിരുന്നു രാഹുലിന്റെ വിമർശനം.

'ഇന്ന് പുൽവാമ ആക്രമണത്തിലെ നമ്മുടെ 40 സആർപിഎഫ് രക്തസാക്ഷികളെ ഓർമിക്കുമ്പോൾ നമുക്ക് ചോദിക്കാം ആക്രമണത്തിൽ നിന്ന് ആരാണ് കൂടുതൽ പ്രയോജനം നേടിയത്? ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഫലം എന്താണ്? ആക്രമണത്തിനു കാരണമായ സുരക്ഷാ വീഴ്ചകൾക്ക് ബിജെപി സർക്കാരിൽ ആരാണ് ഉത്തരവാദി? '- എന്നായിരുന്നു രാഹുലിന്‍റെ ട്വീറ്റ് .

Read More >>