സോണിയ ഗാന്ധി രാജ്യത്തിനായി ഏറെ ത്യാഗം ചെയ്തു-രാഹുല്‍ ഗാന്ധി

Published On: 10 May 2018 9:00 AM GMT
സോണിയ ഗാന്ധി രാജ്യത്തിനായി ഏറെ ത്യാഗം ചെയ്തു-രാഹുല്‍ ഗാന്ധി

ബംഗളൂരു: സോണിയ ഗാന്ധിയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. 'ജീവിതത്തിലെ ഏറിയ പങ്കും ഇന്ത്യയില്‍ ജീവിച്ച അവര്‍ രാജ്യത്തിന് വേണ്ടി ഒരുപാട് ത്യാഗങ്ങള്‍ നിറഞ്ഞ ജീവിതത്തിലൂടെയാണ് കടന്നുപോയത്'.നരേന്ദ്ര മോദി സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ പൈതൃകത്തെ വിമര്‍ശിച്ചതിന് മറുപടി പറയുകയായിരുന്നു രാഹുല്‍.

ഗാന്ധി കുടുംബത്തെക്കുറിച്ച് മോദി നടത്തുന്ന വ്യക്തിപരമായ പരാമര്‍ശങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് രാഹുല്‍ വികാരഭരിതനായത്. കര്‍ണാടകയിലെ തെരഞ്ഞെടുപ്പിനെ കുറിച്ച് മോദിക്ക് നല്ല ഭയമുണ്ട്. കര്‍ണാടകയിലെ കര്‍ഷകരെ കുറിച്ചോ ഭാവിയെ കുറിച്ചോ അദ്ദേഹം ഒന്നും മിണ്ടുന്നില്ല, പകരം വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മോദിയുടെ ദേഷ്യത്തെ ബുദ്ധന്റെ കഥയോട് ഉപമിച്ചായിരുന്നു രാഹുല്‍ വിമര്‍ശിച്ചത്. ഒരിക്കല്‍ ബുദ്ധനെ കാണാനെത്തിയ ഒരാള്‍ അദ്ദേഹത്തോട് ആക്രോശിച്ചു. ബുദ്ധന്‍ ഒന്നും തിരിച്ചുപറഞ്ഞില്ല. അയാള്‍ തിരിച്ചുപോയിക്കഴിഞ്ഞ് ശിഷ്യന്മാര്‍ ബുദ്ധനോട് എന്തുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്ന് ചോദിച്ചു. അതിന് ബുദ്ധന്‍ പറഞ്ഞ മറുപടി. ദേഷ്യം സമ്മാനമായി കൊണ്ടാണ് അയാള്‍ വന്നത്. അത് എനിക്ക് വേണ്ട എന്നായിരുന്നു . അതുപോലെ ദേഷ്യവും പകയും ഉള്ളില്‍ കൊണ്ടു നടക്കുന്ന ആളാണ് പ്രധാനമന്ത്രിയെന്നും രാഹുല്‍ പറഞ്ഞു.

Top Stories
Share it
Top